പരപ്പ: കനത്ത മഴമൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ നൂറ് കണക്കിന് ജീവന്‍ കവര്‍ന്ന വയനാട്ടിലെ കരളലിയിക്കുന്ന രംഗങ്ങള്‍ കണ്ട് ഭയപ്പാടോടെ കഴിയുകയാണ് വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാകുന്ന് മലനിരകള്‍ക്ക് അടിവാരങ്ങളിലായി കഴിയുന്ന നൂറ് കണക്കിന് ജനങ്ങള്‍.
ആറോളം വന്‍കിട ഖനന കമ്പനികളും ക്രഷറുകളുമാണ് ഈ മലനിരകളില്‍ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നീക്കം നടത്തിവരുന്നത്. ഇതില്‍ ഒരുവന്‍കിട കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ മലയുടെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്തത് വന്‍ അപകട സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
ക്രഷര്‍ നിര്‍മ്മാണ പ്രദേശത്തു നിന്നും ഉദ്ഭവിക്കുന്ന നീര്‍ച്ചാലുകളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ഒഴുക്കിന്റെ ഗതി തിരിച്ചുവിടുകയും ചെയ്തിരിക്കുന്നതിനാല്‍ ഇതിന് താഴെയുള്ള വീടുകള്‍ക്ക് ഭീഷണിയാണ്. അധികാരികളുടെ നിര്‍ദ്ദേശപ്രകാരം അപകട സാധ്യത കണക്കിലെടുത്ത് ഒരു കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഖനന പ്രദേശത്ത് നിന്നും ടണ്‍ കണക്കിന് മണ്ണ് നീക്കം ചെയ്ത് ജനവാസ മേഖലകള്‍ക്ക് മുകളിലായി കൂട്ടിയിട്ടിരിക്കുന്നത് വന്‍ ഭീഷണിയുയര്‍ത്തുന്നു. സംസ്ഥാനത്ത് കൂടുതല്‍ മഴ രേഖപ്പെടുത്തുന്ന പ്രദേശങ്ങളില്‍ പെട്ടതാണ് വെള്ളരിക്കുണ്ട് താലൂക്ക്. വെള്ളരിക്കുണ്ട് താലൂക്കില്‍പ്പെടുന്ന വടക്കാകുന്ന് മലനിരകളില്‍ മേഘ വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ശക്തമായ മഴ ലഭിക്കുകയും ചെയ്യാറുണ്ട്.
ഇരുപത് ഡിഗ്രി ചരിവിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മലനിരകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത കൂടുതലാണെന്നത് അധികൃതര്‍ക്ക് തന്നെ ബോധ്യമുളള സാഹചര്യത്തിലാണ് അന്‍പത് ഡിഗ്രി ചെരിവിന് മുകളില്‍ സ്ഥിതി ചെയ്യുന്ന വടക്കാകുന്ന് മലനിരകളില്‍ ആറോളം വന്‍കിട ഖനന കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം നടക്കുന്നത്.
ഈ പ്രദേശത്ത് യാതൊരുവിധ പഠനങ്ങളും നടത്താതെ നിയമ ലംഘനങ്ങളിലൂടെ നല്‍കിയ ഖനനാനുമതികള്‍ റദ്ദ് ചെയ്യണമെന്നും പുതിയ അനുമതികള്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏഴ് വര്‍ഷമായി ജനങ്ങള്‍ പ്രതിഷേധ സമര പോരാട്ടങ്ങളിലൂടെ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിവരികയാണ്. വിവിധ സമരങ്ങളുടെ ഭാഗമായി ഇപ്പോള്‍ നടന്നു വരുന്ന റിലേ സത്യാഗ്രഹ സമരം 587 ദിവസങ്ങള്‍ പിന്നിടുന്നു. പ്രതിഷേധങ്ങളും പരാതികളും വകവെക്കാതെ ഖനന പ്രവര്‍ത്തനങ്ങളും ക്രഷറുകളും ആരംഭിക്കാനാണ് നീക്കമെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടാന്‍ തയാറെടുക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: