വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുണ്ടോ എന്ന് കണ്ടെത്താന്‍ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് മുണ്ടക്കൈയില്‍ ദേശീയ ദുരന്ത നിവാരണ സേന കുഴിച്ച് പരിശോധന നടത്തുകയാണ്.
എന്നാല്‍ അതീവ ദുഷ്കരമാണ് മണ്ണ്മാന്തി യന്ത്രം കൊണ്ടുളള പരിശോധന. മണ്ണിനടിയില്‍ ജീവനുണ്ടോ എന്ന് കണ്ടെത്താന്‍ സൂക്ഷ്മമായി മാത്രമേ പരിശോധന നടത്താനാകൂ എന്നതിനാലാണിത്.
ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും.തകര്‍ന്ന കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്.
അതിനിടെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖല ഉള്‍പ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെയാണ് ദുരന്ത മേഖലയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് മേപ്പാടി.
ഇനിയും 200ല്‍ ഏറെ പേരെയാണ് കണ്ടെത്താനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: