ധാക്ക: ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ഷിബിറിനെയും ബംഗ്ലാദേശില്‍ നിരോധിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് പങ്കാളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപത്തില്‍ ജമാഅത്തെ ഇസ്ലാമിക്കും ഛത്ര ഷിബിറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുസംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള 14 പാര്‍ട്ടികളും യോഗം ചേര്‍ന്ന് ഇതില്‍ പ്രമേയം പാസാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ നേതൃത്വം നല്കുന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ജമാഅത്ത് ഇസ്ലാമിയെ രാഷ്ട്രീയത്തില്‍ നിന്ന് നിരോധിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.
ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും (ബിഎന്‍പി) അതിന്റെ വിദ്യാര്‍ത്ഥി റാഡിക്കല്‍ ഗ്രൂപ്പായ ഛത്ര ദളും പ്രതിഷേധത്തിനിടെ രാജ്യവ്യാപക അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത് നിഷേധിച്ചെങ്കിലും അക്രമവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകകള് ലഭിച്ചു. കലാപത്തില്‍ 200ലധികം പേരാണ് കൊല്ലപ്പെട്ടത്.
2008ലെ ഹൈക്കോടതി വിധിക്ക് ശേഷം ജമാഅത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. എന്നിട്ടും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. പാകിസ്ഥാന് അധിനിവേശ സൈന്യത്തിന് ബംഗ്ലാദേശിനെതിരെ പ്രവര്‍ത്തിക്കാന്‍ സഹായ സേന രൂപീകരിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി പ്രധാന പങ്കുവഹിച്ചതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: