കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്തെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രദേശങ്ങൾ സന്ദർശിച്ചു. ഇവിടത്തെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിനെ കൃത്യമായി ധരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നേരിട്ടാണ് കേന്ദ്രസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓരോ പതിനഞ്ച് മിനിറ്റുകൾക്കിടയിലും വയനാട്ടിലെ സ്ഥിതിഗതികൾ ആരായുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും വയനാട്ടിലെത്തിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ഉപകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ അതെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ പ്രഥമ പരിഗണന. ആയിരത്തോളം പേരെ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയെന്നും 70 ഓളം പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മണ്ണിനടിയിൽ മനുഷ്യർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അറിയാനായി വിദഗ്‌ദ്ധ പരിശീലനം ലഭിച്ച നായകളെ എത്തിച്ചിട്ടുണ്ട്. എൻ ഡി ആർ എഫിന്റെ നേതൃത്വത്തിൽ 305 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 28 മൃതദേഹങ്ങളും കണ്ടെടുത്തു. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി നേവിയുടെ ഹെലികോപ്റ്ററുകളും എത്തിച്ചിട്ടുണ്ട്. നേവിയുടെ ഒരു കപ്പൽ കോഴിക്കോട് തയാറായി നിൽപ്പുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു.
കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് വയനാട്ടിലേക്ക് ജോർജ് കുര്യനെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: