നിലമ്പൂര്‍: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ ഒഴുകിയെത്തിയവരെ കൊണ്ട് നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയായി. 25 മൃതദേഹങ്ങള്‍ മാത്രം സൂക്ഷിക്കാന്‍ ശേഷിയുള്ള ജില്ലാ ആശുപത്രിയുടെ വാര്‍ഡുകള്‍ മോര്‍ച്ചറിയാക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ രണ്ട് നില പേവാര്‍ഡുകള്‍ പൂര്‍ണമായി മൃതദേഹങ്ങള്‍ കിടത്തിയിരിക്കുകയാണ്. ഇതിനായി 50 ലധികം ഫ്രീസറുകള്‍ ആശുപത്രിയിലേക്ക് വിവിധ ഇടങ്ങളില്‍ നിന്നായി എത്തിച്ചു.
തുടക്കത്തില്‍ 25ല്‍ കൂടുതല്‍ വരുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഒരു മൃതദേഹം ഒഴിച്ച് മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാത്ത സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ചാലിയാര്‍ പുഴയില്‍ നിലമ്പൂര്‍, മുണ്ടേരി എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ വൈകിട്ട് 7.30 വരെയായി കണ്ടെടുത്തത് 32 മൃതദേഹങ്ങളും 25 ശരീരഭാഗങ്ങളുമാണ്. 19 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍, രണ്ട് ആണ്‍കുട്ടികള്‍, 25 ശരീരഭാഗങ്ങള്‍ എന്നിങ്ങനെയാണ് ലഭിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ തന്നെ പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തുടങ്ങിയിരുന്നു.
ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും വേഗത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുകയാണ്. 26 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാരെ എത്തിച്ച് നിലമ്പൂരില്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. രാത്രിയിലും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടരുകയാണ്.
ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ബന്ധുക്കള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തി. ചൂരല്‍മല ക്ഷേത്രത്തിലെ പൂജാരി കനകകുമാറിനെ (55) തേടി സഹോദരി ഭാരതിയാണ് എത്തിയത്. നീലഗിരിയിലെ ദേവാലയിലാണ് ഭാരതി താമസിക്കുന്നത്. ജില്ലാ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മകന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: