ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നിര്‍മ്മല സീതാരാമന്റെ ബജറ്റിനെതിരെ നടത്തിയ ബഹളത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍. എസ് സി, എസ് ടി, ഒബിസി എന്നിവര്‍ക്ക് ബജറ്റില്‍ ഒന്നുമില്ലെന്ന രാഹുലിന്റെ വിമര്‍ശനം അധികാരത്തില്‍ തിരിച്ചെത്താനുള്ള ഗതികെട്ട ശ്രമമാണെന്നും അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.
“രാഹുല്‍ നിങ്ങള്‍ക്ക് പേടിയാണ്. അധികാരം കിട്ടാത്തതില്‍ നിങ്ങള്‍ക്ക് നിരാശയുണ്ട്. നിങ്ങളുടെ എസ് സി, എസ് ടി പ്രേമം അധികാരം കിട്ടാനുള്ള ഗതികെട്ട ശ്രമം മാത്രമാണ്. “- അനുപ്രിയ പട്ടേല്‍ പറയുന്നു.
ധനമന്ത്രി സീതാരാമന്‍ ബജറ്റ് അവതരണത്തിന് മുന്‍പ് നടത്തിയ ഹല്‍വ ചടങ്ങില്‍ പങ്കെടുത്ത സംഘത്തില്‍ ഒബിസിയില്‍ നിന്നുള്ളവരോ, എസ് സി, എസ് ടിയില്‍പെട്ടവരോ ഇല്ലെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. “കോണ്‍ഗ്രസാണ് ഈ രാജ്യം ഇത്ര നാളും ഭരിച്ചിരുന്നത്. അന്ന് നിങ്ങളുടെ പാര്‍ട്ടിയോ നേതാക്കളോ ഹല്‍വ ചടങ്ങില്‍ ഒബിസി ഇല്ല, എസ് സി, എസ് ടി ഇല്ല എന്ന് ആശങ്കപ്പെട്ടിരുന്നെങ്കില്‍, താങ്കളുടെ ഇന്നത്തെ വിലാപം സത്യമാണെന്ന് എല്ലാവരും കരുതിയേനെ.”- അനുപ്രിയ പട്ടേല്‍ വിമര്‍ശിച്ചു.
“എന്നാല്‍ ഇപ്പോള്‍ അധികാരത്തിന് വേണ്ടി മാത്രമാണ് താങ്കള്‍ എസ് സി, എസ് ടിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ടി താങ്കള്‍ നടത്തുന്ന ഗതികെട്ട ശ്രമം മാത്രമാണ് ഇതെന്ന് ഈ രാജ്യത്തെ എസ് സി, എസ് ടി, ഒബിസി എന്നിവര്‍ക്ക് അറിയാം. “- അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.
എന്‍ഡിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിനും അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. “നിങ്ങള്‍ അമ്പരപ്പിലാണ്. നിങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നു, ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പക്ഷെ രാജ്യം മൂന്നാമതും മോദിയുടെ സര്‍ക്കാരിനെ തെരഞ്ഞെടുത്തു. അതുകൊണ്ട് നിങ്ങള്‍ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. എന്‍ഡിഎ ബജറ്റ് എന്നത് രാജ്യത്തിന്റെ ബജറ്റാണ്.”- അനുപ്രിയ പട്ടേല്‍ അഭിപ്രായപ്പെട്ടു.
“എന്‍ഡിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടിട്ട് കാര്യമില്ല. എന്‍ഡിഎ സര്‍ക്കാര്‍ അവരുടെ കാലാവധി പൂര്‍ത്തിയാക്കും. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന് മാത്രമല്ല, മൂന്നിരട്ടി വേഗതയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യും. “- അനുപ്രിയ പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: