വയനാട്ട് : വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരിച്ചവരില്‍ 93 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 128 പേര്‍ക്ക് പരിക്കേറ്റതായും പിണറായി വിജയന്‍ പറഞ്ഞു.
ഇതില്‍ 34 പേരെ തിരിച്ചറിഞ്ഞു. 18 പേരുടെ മൃതദേഹം അവരുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ഏകദേശം 120 പേര്‍ മരണപ്പെട്ടു എന്ന കണക്കുകളാണ് പുറത്തുവരുന്നത്. ശക്തമായി മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ള ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും മരണപ്പെട്ടവരില്‍ പലരുടെയും മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുക്കാനുണ്ട്. ചാലിയാല്‍ പുഴയില്‍ ഒലിച്ചെത്തിയ 26 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പറയുന്നു.
മരിച്ചവര്‍ 120 പേരാണെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. പലരും മണ്ണിനടിയില്‍ പെട്ടിരിക്കാമെന്ന് കരുതുന്നു. ഏകദേശം 200 സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഒരു മെഡിക്കല്‍ സംഘവുമുണ്ട്.
ഇതിനിടെ, സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയില്‍ വെല്ലുവിളിയായി കനത്ത മൂടല്‍മഞ്ഞ് ഉയര്‍ന്നിട്ടുണ്ട്. ഇത്രയും മണിക്കൂറുകളില്‍ മഴയായിരുന്നു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഉച്ചയ്‌ക്ക് ശേഷം തന്നെ മൂടല്‍ മഞ്ഞ് കനക്കുകയാണ്. ഇത് മറ്റുള്ളവരെ കാണാന്‍ പ്രയാസം സൃഷ്ടിക്കുന്നു.
വൈകുന്നേരമായതോടെ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്നതായാണ് പരാതി.ചൂരല്‍മലയില്‍ ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായും പറയുന്നു. സൈന്യത്തിനും ഈ മൂടല്‍ മഞ്ഞ് തടസ്സമാകും.
വയനാട്ടില്‍ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ രണ്ട് ഭീമന്‍ ഉരുള്‍പൊട്ടലുകളില്‍ ചാലിയാറില്‍ മാത്രം 26 മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായി പറയുന്നു. ഈ മൃതദേഹങ്ങള്‍ പലതും അംഗഭംഗം വന്ന നിലയിലാണെന്നത് എത്ര ശക്തമായ ഉരുള്‍പൊട്ടലിലാണ് ഇവര്‍ അകപ്പെട്ടത് എന്നതിന്റെ സൂചനയാണ്.
പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകള്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്ത് എത്തിയത്.
ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: