കൊച്ചി: മെട്രോ നഗരത്തില്‍ അഗ്‌നിരക്ഷാ സേനയ്‌ക്ക് കരുത്തേകാന്‍ റോബോട്ടിക് ഫയര്‍ ഫൈറ്റര്‍ തയ്യാര്‍. 360 ഡിഗ്രിയില്‍ ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാനും റോബോട്ടിനു കഴിയും. വ്യവസായ നഗരമായ കൊച്ചിയില്‍ ഈ റോബോട്ടിന്റെ വരവ് അഗ്‌നിരക്ഷാ സേനക്ക് വലിയ കരുത്താകും. ഫ്രഞ്ച് കമ്പനി നിര്‍മിച്ച പാറ്റന്‍ ടാങ്ക് മാതൃകയിലുള്ള സുരക്ഷാ റോബോട്ടാണ് എറണാകുളം ജില്ലയിലെ ഗാന്ധിനഗറിലുള്ള അഗ്‌നിരക്ഷാ സേനക്ക് കൈമാറിയത്.
മനുഷ്യന് കടന്ന് ചെല്ലാനാകാത്ത വലിയ തീപ്പിടിത്തങ്ങളില്‍ സ്ഥലത്തെത്തി വളരെ വേഗം തീയണയ്‌ക്കാന്‍ സാധിക്കുമെന്നതാണ് ഫയര്‍ ഫൈറ്റര്‍ റോബോട്ടിന്റെ പ്രത്യേകതയെന്ന് എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. 600 ഡിഗ്രി സെല്‍ഷ്യസ് താപനില പോലും യന്ത്രത്തിന് പ്രതിരോധിക്കാനാകും. അപകട മേഖലയിലും കനത്ത പുകപടലങ്ങളുള്ള സ്ഥലങ്ങളിലും വളരെ വേഗം കടന്നുചെല്ലാനും എളുപ്പം പ്രവര്‍ത്തിപ്പിക്കാനുംആളുകളെ തെരഞ്ഞ് കണ്ടുപിടിക്കാനും സാധിക്കുന്ന തരത്തിലാണ് റോബോട്ടിന്റെ രൂപകല്‍പന.
നാല് അടിയോളം ഉയരം വരുന്ന ഈ റോബോട്ടിന് റാംപ് സൗകര്യമുള്ള എവിടേക്കും കടന്നെത്താം. റോബോട്ടില്‍ ഘടിപ്പിച്ചിട്ടുള്ള തെര്‍മല്‍ കാമറ ഉപയോഗിച്ച് ചുറ്റുമുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ഡിസ്‌പ്ലേ വഴി ഉദ്യോഗസ്ഥര്‍ക്ക് സ്ഥിതിഗതികള്‍ വേഗത്തില്‍ വിലയിരുത്താനും സാധിക്കും. അപകട സ്ഥലത്തിന് എത്ര അകെലയിരുന്നും റിമോട്ട് കണ്‍ട്രോള്‍ വഴി റോബോട്ടിനെ നിയന്ത്രിക്കാം.
തീപ്പിടിത്തം ഉണ്ടായാല്‍ ഫയര്‍എന്‍ജിന്റെ ഹോസ് പൈപ്പ് വഴി റോബോട്ടിലേക്ക് ഘടിപ്പിച്ച് ജെറ്റ്, സ്‌പ്രേ, ഫോം എന്നിങ്ങനെ മൂന്ന് രൂപത്തിലും വെള്ളം പമ്പ് ചെയ്യാനാകുമെന്നതും യന്ത്രത്തിന്റെ പ്രത്യേകതയാണ്. രണ്ട് കോടിയാണ് റോബോട്ടിക് ഫയര്‍ ഫൈറ്ററിന്റെ വില.
രണ്ട് ദിവസം മുമ്പാണ് റോബോട്ട് കൊച്ചിയിലെത്തിയത്. ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. സംസ്ഥാനത്ത് ഗാന്ധിനഗറിന് പുറമേ തിരുവനന്തപുരം ചാക്ക ഫയര്‍ സ്റ്റേഷനിലാണ് ഇത്തരം റോബോട്ടുള്ളത്. റിമോട്ട് ഉപയോഗിച്ച് റോബോട്ടിനെ നിയന്ത്രിക്കാന്‍ അഗ്‌നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്കിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: