മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലെ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 120 ആയി. തൊണ്ണൂറില്‍ പരം പേരെ കാണാനില്ല എന്നാണ് റിപ്പോര്‍ട്ട്.
എണ്‍പത്തി അഞ്ചില്‍ പരം പേര് ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ പകുതിയിലധികം പേരെ തിരിച്ചറിഞ്ഞിട്ടില്ല.
ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയില്‍ നിരവധി ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നുമുള്ള സൈനികരാണ് ദുരന്തമേഖലയിലുള്ളത്. മുണ്ടക്കൈയിലടക്കം കുടുങ്ങികിടക്കുന്നവരെ റോപ്പ് വഴിയും പുറത്തെത്തിക്കുന്നുണ്ട്.
അതേസമയം, വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുമെന്ന ശങ്കയും നിലനില്ക്കുന്നു. ചൂരല്‍മല ഉള്‍പ്പെടെയുള്ള ദുരന്തബാധിത മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞിരിക്കുകയാണ്. സമയം വൈകുതോറം വെളിച്ചം കുറയും. ഇതിനുള്ള പരിഹാരമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.ഇടയ്ക്ക് ചെറുതായി മഴ പെയ്തെങ്കിലും പിന്നീട് ശമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: