ചൂരൽമല: നാലുകിലേമീറ്റർ ഇപ്പുറത്തുള്ള ഈ പ്രദേശത്ത് ഇത്ര ആഘാതമുണ്ടാക്കിയിരിക്കെ ദുരന്തത്തിന് തുടക്കമായ മുണ്ടക്കൈ ചെറുപ്രദേശം പൂർണമായി നശിച്ചിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷാ പ്രവർത്തകർ.
കഴിഞ്ഞ വർഷം 17 പേർ കൊല്ലപ്പെട്ട പുത്തുമലയ്‌ക്ക് അകലെയല്ലാത്ത വെള്ളരിമലയിലാണ് ഇപ്പോഴത്തെ ദുരന്തത്തിന് തുടക്കമായതെന്ന് കരുതുന്നു. വയനാട്ടിൽ സംഭവിച്ച ദുരന്തത്തിൽപെട്ടവരുടെ മൃതദേഹങ്ങൾ മലപ്പുറത്ത് ചാലിയാറിൽനിന്നാണ് ലഭിച്ചതെന്ന് പറയുമ്പോൾ വെള്ളമൊഴുക്കിന്റെ ഗതിവേഗം ഊഹിക്കാൻ പോലും സാധിക്കാത്തതാണ്.
രക്ഷാപ്രവർത്തനം എങ്ങനെ എവിടെ തുടങ്ങണമെന്ന കാര്യത്തിൽ ഇനിയും ധാരണ രൂപപ്പെടുത്താനായിട്ടില്ല.
എസ്‌റ്റേറ്റുപ്രദേശത്താണ് സംഭവമെങ്കിലും നിലവിൽ ഭൂപ്രദേശം തിരിച്ചറിയാനാകാത്തവിധം തകർന്നുപോയിരിക്കുന്നു. കരയും പുഴയും തിരിച്ചറിയാനാവാതായി. വീടുകൾ, തോട്ടം തൊഴിലാളികൾ തങ്ങിയിരുന്ന ലയങ്ങൾ ഒക്കെപ്പോലും അവിടവിങ്ങളിൽ ഇല്ല.
സാഹയാഭ്യർത്ഥനകളുടെ പ്രവാഹമാണിപ്പോൾ. എന്നാൽ അവിടേക്ക് എത്തിപ്പെടാൻ കഴിയാത്തതാണ് പ്രശ്‌നം.
സംഭവം നടന്നിട്ട് ഒമ്പതുമണിക്കൂർ കഴിഞ്ഞിരിക്കുന്നു. പുലർച്ചെ ഒന്നര രണ്ടുമണിയോടെയാണ് ഉരുൾപൊട്ടൽ സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള പ്രതിസന്ധികൾ ഏറെയാണ്. കഴിഞ്ഞവട്ടം ദുരന്തം ഉണ്ടായ ചൂരൽമലയ്‌ക്ക് അപ്പുറം കടക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും എളുപ്പമല്ല. കാലവസ്ഥ പ്രതികൂലമായതിനാൽ കോപ്ടറുകൾക്ക് ഇറങ്ങാനും വിഷമമായിരിക്കും.
ചൂരൽമലയിൽ തകർന്നുപോയ പാലം പുനസ്ഥാപിക്കപ്പെട്ടാലേ അവിടേക്ക് എത്തിച്ചേരാനാവൂ. ഈ സാഹചര്യത്തിൽ എൻദിആർഎഫിന്റെയും സൈന്യത്തിന്റേയും പ്രവർത്തനങ്ങളിലാണ് പ്രതീക്ഷ.
വ്യോമസേനയുടെ വിമാനത്തിൽ അടിയന്തിരമായി ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമം. ചൂരൽമലയിലും മുണ്ടക്കൈയിലുമായി നാനൂറോളം പേർ അപകടസ്ഥലങ്ങളിൽ രക്ഷപ്പെടാൻ വഴിപ്രതീക്ഷിച്ച് കഴിയുകയാണ്.
താൽക്കാലിക പാലം നിർമ്മിച്ച് മറുകര കടക്കാനായാൽ മാത്രമേ രണ്ടുകിലോ മീറ്റർ അപ്പുറത്തുള്ള മുണ്ടക്കൈയിൽ എത്താൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: