ഹനുമാന് – അതിശക്തന്‍, മഹാധീരന്‍, ഭയമേതും അറിയാത്തവന്, ചിരഞ്ജീവി.. എന്നാല്‍ ആ ഹനുമാനും സ്വന്തം കഴിവിനെപ്പറ്റി ബോദ്ധ്യമില്ലാതെ ജീവിച്ച ഒരു കാലമുണ്ടായിരുന്നു. സീതാദേവിയെത്തേടി കടല്‍ത്തീരത്തെത്തിയ വാനരസേനയ്ക്ക് മുന്നിലെ പ്രതിബന്ധം കടലായിരുന്നു. നൂറുയോജന ദൂരത്തില്‍ ലങ്കയെ കോട്ടകെട്ടി സംരക്ഷിച്ച വിശാലമായ കടലാഴം. ആ കടലിനെ ചാടിക്കടക്കാന്‍ ആരെക്കൊണ്ട് സാധിക്കും എന്ന് വാനരന്മാര് ചര്‍ച്ച ചെയ്തിരുന്നപ്പോള്‍ തന്നെക്കൊണ്ട് സാധിക്കില്ല എന്ന വിശ്വാസത്തില്‍ മാറിനിന്ന മാരുതി. മടിച്ചുമാറിയ ഹനുമാന് ആത്മവിശ്വാസം നല്കി സ്വന്തം കഴിവുകള്‍ മനസിലാക്കിക്കൊടുത്ത് ദൗത്യത്തിനയച്ചത് അതിബുദ്ധിശാലിയായിരുന്ന ജാംബവാനാണ്.
ഹനുമാനെപ്പോലെ സ്വന്തം കഴിവില്‍ വിശ്വാസമില്ലാതെ മാറിനിന്നിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുണ്ട് ഇങ്ങു ബംഗളുരുവില്‍. പേര് അല്പം വ്യത്യസ്തമാണ്. ധിനിധി ദേശിങ്കു.. തന്റെ ഏഴാം വയസ്സില്‍ വീട്ടിനടുത്തുള്ള നീന്തല്‍ക്കുളത്തില്‍ പരിശീലനം തുടങ്ങിയ ആ കുഞ്ഞിന് പക്ഷേ വെള്ളത്തിലിറങ്ങുന്നതിനോട് വലിയ താല്പര്യമൊന്നും തുടക്കത്തിലുണ്ടായിരുന്നില്ല.. എന്നാല്‍ ഏഴുകൊല്ലത്തിനിപ്പുറം, പതിനാലു വയസ്സ് മാത്രം പ്രായമുള്ള അവള് തുടക്കക്കാരിയായ ഒരു അത്ലറ്റിന് എത്തിപ്പിടിക്കാവുന്ന ഏറ്റവും വലിയ വേദികളിലൊന്നില്‍ സ്വന്തം രാജ്യത്തെ പ്രതിനിധാനം ചെയ്തിരിക്കുകയാണ്! അതേ, ഒളിംപിക്സില്‍ തന്നെ!
ഇന്ത്യന്‍ ടീമിലെ കുഞ്ഞ്. ഇത്തവണത്തെ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ കായികതാരങ്ങളില്‍ ഒരാള്‍. പക്ഷേ ആ കുഞ്ഞുപ്രായമൊന്നും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ നിന്ന് ധിനിധിയെ പിന്നാക്കം തള്ളിയില്ല. പതിമൂന്നാം വയസ്സില്‍ത്തന്നെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ദേശീയ റെക്കോര്‍ഡ് നേടിയ ധിനിധിക്ക് ഒളിംപിക് ടിക്കറ്റ് ഒരു ഭാഗ്യക്കുറിയായിരുന്നില്ല. ഹീറ്റ്സില്‍ ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ചുവെങ്കിലും നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രം പുറത്തായി. എന്നിരിക്കിലും നീന്തലില്‍ ഒരു അന്താരാഷ്ട്ര താരം ഇതുവരെയില്ലാത്ത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ധിനിധിയെന്ന പുത്തന്‍ താരോദയം വിലമതിക്കാനാവാത്ത നിധി തന്നെയാകുമെന്നതില്‍ സംശയമില്ല.
2019ല്‍ ഡോള്‍ഫിന്‍ അക്വാട്ടിക്സിലെത്തിയപ്പോഴാണ് ധിനിധി തന്റെ കോച്ചായ മധുകുമാറിനെ ആദ്യമായി കാണുന്നത്. അന്നുതൊട്ടിന്നോളം മധുകുമാര്‍ തന്നെയാണ് ധിനിധിയുടെ പരിശീലകന്. ഒളിംപിക്സ് പോലെയുള്ള വലിയ വേദികളില്‍ മത്സരിക്കുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെ, സ്വന്തം ഗെയിം പ്ലാനില്‍ മാറ്റം വരുത്താതെ മുന്നോട്ടുപോകും എന്ന ധിനിധിയുടെ പ്രഖ്യാപനം ഭാവിയിലെ ചാമ്പ്യന്റെ വാക്കുകളായിത്തന്നെ കരുതാം. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദിയില്‍ ചെറുപ്രായത്തില്‍ത്തന്നെ തന്റെ വരവറിയിച്ചു എന്നത് ആ ഒന്പതാംക്ലാസുകാരിയുടെ നേട്ടമായി കാണുന്നവരുണ്ടായേക്കാം. പക്ഷേ ധിനിധി തന്റെ പ്രയാണം തുടരുകയാണ്; താത്കാലിക നേട്ടങ്ങളില്‍ ഭ്രമിക്കാതെ മരക്കൊമ്പിലെ പാവയുടെ കണ്ണ് മാത്രം ലക്ഷ്യം വച്ച അര്‍ജുനനെപ്പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: