ആലപ്പുഴ: മുഹമ്മ കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പിലെ സിപിഎം ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. തട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടെന്നു ആരോപണവിധേയയായ അക്കൗണ്ടന്റിന്റെ മൊഴി നല്കിയ സാഹചര്യത്തിലാണ് ആവശ്യം ഉയരുന്നത്. കുടുംബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോര്പറേഷന് നല്കിയ വായ്പയുടെ അക്കൗണ്ടില്‍ നിന്നു 24.90 ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിനാണ് ഇവര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. കേസില്‍ ആരോപണവിധേയരായ സിഡിഎസ് ഭാരവാഹികളെല്ലാം സിപിഎം പോഷക സംഘടനകളുടെ ഭാരവാഹികളാണ്.
തട്ടിപ്പ് നടന്ന കാലത്ത് സിഡിഎസില്‍ പ്രത്യേക തസ്തികയുണ്ടാക്കി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ്. ഈ നേതാവ് പിന്നീട് രാജിവച്ച് വിദേശത്തേക്കു പോയി. ഇതിനു ശേഷമാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം നഷ്ടമായതു വിവാദമായതിനു പിന്നാലെ തന്നെയും അന്നത്തെ സിഡിഎസ് അധ്യക്ഷയെയും പാര്‍ട്ടി ഓഫിസിലേക്കു വിളിച്ചുവരുത്തി പണം നഷ്ടമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടതായും മുന്‍ അക്കൗണ്ടന്റ് വിജിലന്‍സിനു മൊഴി നല്‍കിയിട്ടുണ്ട്.
മുഹമ്മ കുടുബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോര്പറേഷന് നല്കിയ വായ്പയുടെ അക്കൗണ്ടില്‍ നിന്നു 24.90 ലക്ഷം രൂപ കാണാനില്ലെന്നു മുന്‍പ് ജില്ലാ കുടുംബശ്രീ മിഷന് കണ്ടെത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ചു കുടുംബശ്രീ സംസ്ഥാന മിഷനിലെ ഓഡിറ്റ് സംഘവും പരിശോധന നടത്തി. ഇതിനിടെയാണ് വിജിലന്‍സ് ആലപ്പുഴ യൂണിറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതിന് റിപ്പോര്‍ട്ട് നല്കുന്നതിനുമുന്നോടിയായാണു പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: