പാരീസിലെ ഒളിംപിക് വില്ലേജില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി കൊണ്ട് നിര്‍മിച്ച കട്ടിലില്‍ കിടന്നുറങ്ങുന്ന കായികതാരങ്ങളുടെ വാര്‍ത്തയാണ് ഇതുവരെ പുറത്തുവന്നത്. എന്നാല്‍ ആഢംബരനൗകകളില് താമസിച്ച് ഒളിംപിക്സ് മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളുമുണ്ട്! വിവേചനമൊന്നുമല്ല, മത്സരവേദികള്‍ തമ്മിലുള്ള വ്യത്യാസമാണ് കാരണം. ഈ വേദി പാരീസില്‍ നിന്ന് കുറച്ചുദൂരെയാണ്. കുറച്ചുദൂരെ എന്ന് പറഞ്ഞാല്‍ ഏതാണ്ടൊരു 10,000 മൈല്‍; കൃത്യമായി പറഞ്ഞാല്‍ വെറും 12 മണിക്കൂര്‍ വ്യത്യാസം!
പാരീസ് ഒളിംപിക്സ് എന്നാണ് പേരൊക്കെ എങ്കിലും മത്സരം നടക്കുന്നത് പാരീസില്‍ മാത്രമല്ല, ഫ്രാന്‍സിലെ മറ്റ് പട്ടണങ്ങളായ ലീയോ, സാന്റ് എറ്റിയെന്നും തുടങ്ങി നീസും, നാന്റും, മാര്സെയ്യും ബോദോയും ഒക്കെക്കടന്ന് അങ്ങ് പസഫിക് സമുദ്രത്തിലെ ഫ്രഞ്ച് അധീനതയിലുള്ള ചെറു ദ്വീപസമൂഹങ്ങളിലൊന്നായ ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതി വരെ ഒളിമ്പിക്സ് വേദികളാണ്!
ഇത്തിരിക്കുഞ്ഞന് ദ്വീപായ താഹിതിയിലെ ഒളിംപിക്സ് വിശേഷങ്ങളാണ് ഇപ്പോള്‍ ഒളിംപിക് വില്ലേജിലെ പ്രധാന ചര്‍ച്ചാവിഷയം.
പാരീസില്‍ നിന്നും ഏകദേശം പതിനായിരത്തോളം മൈലുകള്‍ക്കപ്പുറത്താണ് താഹിതി. കൃത്യമായി പറഞ്ഞാല്‍ ഭൂപടത്തില്‍ ഫ്രാന്‍സിന്റെ കൃത്യം മറുവശത്ത്. പാരിസില്‍ സൂര്യന് അസ്തമിക്കുമ്പോള്‍ താഹിതിയില്‍ സൂര്യോദയമാണ്! തൂവെള്ള മണലാല്‍ അലംകൃതമായ കടല്‍ത്തീരം, മഴക്കാടുകള്‍ മരതകപ്പട്ടു വിരിച്ച ശൈലനിര, പവിഴപ്പുറ്റുകളും വിശിഷ്ടമായ മുത്തുകളും നിറഞ്ഞ കടല്‍.. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്വര്‍ഗ്ഗമാണ് താഹിതി. ടൂറിസം ശക്തമാണെങ്കിലും ചില ആധുനികസൗകര്യങ്ങളൊഴിച്ചാല് വികസനത്തിന്റെ അതിപ്രസരമെത്താത്ത കന്യാഭൂമി.
ഇത്രയേറെ ദൂരത്തിരിക്കുന്ന താഹിതി എങ്ങനെ ഒളിംപിക് മത്സരങ്ങള്‍ക്ക് അനുയോജ്യമാകുന്നു എന്ന ചോദ്യത്തിനുത്തരം വേനല്‍ക്കാലത്ത് സര്ഫിങ്ങിനനുയോജ്യമായ ഏറ്റവും നല്ല തിരമാലകള്‍ ഉള്ള സ്ഥലം ഇതാണ് എന്നതാണ്. മാത്രമല്ല, സര്‍ഫിങ്ങിന്റെ ജന്മനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നതുപോലും ഈ ദ്വീപസമൂഹമാണ്.
മറ്റുള്ള കായികതാരങ്ങളൊക്കെ പാരീസിലെ ഒളിംപിക് വില്ലേജില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി കൊണ്ട് നിര്‍മിച്ച കട്ടിലില്‍ കിടന്നുറങ്ങുമ്പോള്‍ താഹിതിയിലെത്തിയ താരങ്ങള്‍ ‘ഒഴുകി നടക്കുന്ന ഒളിമ്പിക് വില്ലേജില്‍’ അത്യാഢംബരത്തിലാണ് താമസം. വികസനത്തിന്റെ പരുക്കുകള്‍ അധികമേല്ക്കാത്ത താഹിതിയുടെ തെക്കന്‍ തീരത്തുനിന്നും 10 കിലോമീറ്റര്‍ അകലെ കടലിലാണ് ഈ കൂറ്റന്‍ ‘ഒളിംപിക് വില്ലേജ്’ 28 താരങ്ങളും 19 പരിശീലകരും മറ്റു സ്റ്റാഫുമായി നങ്കൂരമിട്ടിരിക്കുന്നത്. നിത്യേന അരമണിക്കൂര്‍ യാത്ര ചെയ്താണ് മല്‍സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും കായികതാരങ്ങള്‍ എത്തുന്നത്.
പാരീസിന്റെ തിരക്കുകളും ഒളിംപിക് ആവേശവും കാണികളുടെ കയ്യടികളും ഒക്കെ അതേപടി അനുഭവിക്കാന്‍ കഴിയാത്തതില്‍ നേരിയ നിരാശ നിലനില്‍ക്കുമ്പോഴും താരങ്ങള്‍ സന്തുഷ്ടരാണ്. പാരീസിലെ വേനല്‍ച്ചൂടില്‍ മറ്റ് കായിക താരങ്ങള്‍ വെന്തുരുകുമ്പോള്‍ ഒരു കടലിനപ്പുറം അങ്ങ് താഹിതിയില്‍ ഒരു വേനലവധി ആഘോഷത്തിന്റെ മൂഡില്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കിട്ടിയ ഭാഗ്യം അവരുടെ മനസ്സിലെ നിരാശയെ മറികടക്കാന്‍ പോന്നതുതന്നെ.. ഉദയാസ്തമനങ്ങളുടെ ഇടവേളകളില്ലാതെ ഒരു കടലിനപ്പുറവും ഇപ്പുറവും ആവേശം വാരിവിതറി മുന്നേറുകയാണ് പാരീസ് ഒളിംപിക്സ്.. vive les jeux olympiques
പ്രതികരിക്കാൻ ഇവിടെ എഴുതുക: