ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരും. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനത്തിലെത്തിയത്.
തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിംഗ് യന്ത്രം തൃശൂരില്‍ നിന്ന് എത്തിക്കാനാണ് നീക്കം.കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാനാണ് ശ്രമം. ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലെത്തി പരിശോധന നടത്തും. ബാര്‍ജ് കുത്തിയൊഴുകുന്ന പുഴയിലിറക്കി പരിശോധന സാധ്യമാണോ എന്നാകും പരിശോധിക്കുക.ഹിറ്റാച്ചി ബോട്ടില്‍ കെട്ടി ഉറപ്പിച്ചതാണ് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍.
ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കുന്നത് പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം മതിയെന്നാണ് കര്‍ണാടകയുടെ നിലപാട്.കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക.
ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.ഗംഗാവാലി നദിയിലെ ഒഴുക്ക് കുറഞ്ഞാല്‍ മാത്രം തിങ്കളാഴ്ച പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: