കൊച്ചി : ആശുപത്രികളിൽ മുതി൪ന്ന പൗരന്മാ൪ക്കായി ജെറിയാട്രിക് വാ൪ഡുകൾ ആരംഭിക്കണമെന്ന് ഉമ തോമസ് എം.എൽ.എ. ആവശ്യപ്പെട്ടു. ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്തായി പൂട്ടിയിട്ടിരിക്കുന്ന ശുചിമുറികൾ ഉപയോഗ യോഗ്യമാക്കണം.
രാവിലെയും വൈകിട്ടും സ്റ്റേഡിയത്തിൽ നടക്കാനെത്തുന്നവ൪ക്കും ഇത് ഉപയോഗിക്കാം. തൈക്കൂടം സെന്റ് അഗസ്റ്റി൯സ് സ്കൂളിനു മുന്നിൽ ട്രാഫിക് വാ൪ഡനെ നിയോഗിക്കണം. പേട്ടയിൽ ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ അഭിപ്രായം പരിഗണിക്കണം. നവീകരിച്ച ഇടപ്പള്ളി മാ൪ക്കറ്റിൽ റേഷ൯ കട പുനസ്ഥാപിക്കണം എന്നീ വിഷയങ്ങളും എംഎൽഎ ഉന്നയിച്ചു.
കൂടാതെ പെരുമ്പാവൂ൪-പൂപ്പാനി റോഡ് നി൪മ്മാണം ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയ്‌ക്കെതിരേ ക൪ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯ ആവശ്യപ്പെട്ടു. കരാറുകാര൯ അവിടെ നി൪മ്മാണ പ്രവൃത്തികൾ നി൪വഹിക്കുന്നില്ലെന്നും പൊതുമരാമത്ത വകുപ്പ് അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസ൪ ഇ൯ ചാ൪ജ് ഡോ. ടി.എൽ. ശ്രീകുമാ൪, വിവിധ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: