ദേവദൂതൻ റീ റിലീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. 24 വർഷങ്ങൾക്ക് മുൻപ് പ്രേക്ഷക പ്രശംസ നേടാതെ പരാജയപ്പെട്ടുപോയ സിനിമ ഇന്ന് വീണ്ടും പ്രേക്ഷകർ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
സിബി മലയിൽ തന്റെ ആദ്യ ചിത്രമായി ചെയ്യാൻ തീരുമാനിക്കുകയും പത്മരാജനെ കൊണ്ട് തിരക്കഥയെഴുതിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്ത് ദേവദൂതന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത് രഘുനാഥ് പാലേരിയാണ്. സംഗീതത്തിന് ഏറെ പ്രധാനയമുള്ള ചിത്രത്തിലെ വിദ്യാസാഗറിന്റെ ഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളാണ്.
ഇപ്പോഴിതാ ദേവദൂതൻ നാഷണൽ അവാർഡ് അർഹിക്കുന്നുണ്ടെന്നാണ് നിർമ്മാതാവ് സിയാദ് കോക്കർ പറയുന്നത്. നിയമങ്ങള് എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ നിയമം പൊളിച്ചെഴുതാൻ സാധിക്കുമെന്നും പറഞ്ഞ സിയാദ് കേന്ദ്രത്തിൽ തങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ടെന്നും കൂട്ടിചേർത്തു.
“ഏത് സമയത്തും വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്ത് സംസാരിച്ചാലും വിവാദമാവും. യോഗ്യത കിട്ടുമെങ്കിൽ ഞങ്ങൾ എന്തായാലും ദേവദൂതൻ നാഷണൽ അവാർഡിന് അയക്കും. നിയമങ്ങൾ എന്താണെന്ന് എനിക്കറിയില്ല പക്ഷെ നിയമം പൊളിച്ചെഴുതാൻ എനിക്ക് സാധിച്ചെന്ന് വരും. അതിന് നിയമപരമായ വഴികളുണ്ട്. ഞങ്ങൾക്ക് പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്. വേണമെങ്കിൽ ആ രീതിയിൽ ഗവണ്മെന്റിനെ അപ്രോച്ച് ചെയ്യാം. മറ്റ് പലരും, ഇപ്പോൾ സുരേഷ് കുമാർ ആണെങ്കിലും ആക്റ്റീവായി കേന്ദ്ര ഗവണ്മെന്റുമായി ബന്ധമുള്ളവരാണ്.
ചിലപ്പോൾ നിയമപരമായി ഞാൻ പോരാടിയാൽ വിരോധമില്ലെങ്കിൽ അത് അംഗീകരിക്കപ്പെടാം. കാരണം സിബിയും, രഘുവും വിദ്യാസാഗറുമെല്ലാം നാഷണൽ അവാർഡ് അർഹിക്കുന്നുണ്ട്.” എന്നാണ് സിയാദ് പ്രസ് മീറ്റിനിടെ കോക്കർ പറഞ്ഞത്.
4K റീമാസ്റ്റേർഡ് വേർഷനായാണ് ചിത്രമെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് വലിയ രീതിയിൽ ഇംപാക്ട് ഉണ്ടാക്കാതെ പോയ സിനിമയാണ് ദേവദൂതൻ. എന്നാൽ പിന്നീട് സിനിമ ചർച്ചകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദേവദൂതൻ.
കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ സ്വീകാര്യത നേടിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: