ഡെറാഡൂണ്‍: പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടനമായ കന്‍വര്‍ യാത്രാ മാര്‍ഗത്തിലുളള മുസ്ലീം പളളികള്‍,പുണ്യപുരുഷന്മാരുടെ കബറുകള്‍ സ്ഥിതി ചെയ്യുന്ന മസാറുകള്‍ എന്നിവയുടെ മുന്‍വശം ഷീറ്റുകള്‍ കൊണ്ട് മറച്ചത് വിവാദമായി. എന്നാല്‍ സമാധാനം നിലനിര്‍ത്താനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഹരിദ്വാറിലെ കന്‍വാര്‍ യാത്രാ മാര്‍ഗമധ്യേയുളള മുസ്ലീം പളളികളാണ് വെളള തുണികള്‍ വലിച്ചു കെട്ടി മറച്ചത്. വെള്ളിയാഴ്ച രണ്ട് മസ്ജിദുകളുടെയും ഒരു മസാറിന്റെയും മുന്‍ഭാഗമാണ് മറച്ചത്.
എന്നാല്‍, പ്രദേശവാസികളുടെയും ചില രാഷ്‌ട്രീയക്കാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ മറയ്‌ക്കാന്‍ വലിച്ചു കെട്ടിയ ഷീറ്റുകള്‍ നീക്കം ചെയ്തു. അതേസമയം, മുസ്ലീം പളളികള്‍ മറയ്‌ക്കാന്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും എന്തോ തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ് ഇപ്പോഴത്തെ സംഭവമെന്നും ഹരിദ്വാര്‍ പൊലീസ് സൂപ്രണ്ട് (സിറ്റി) സ്വതന്ത്ര കുമാര്‍ പറഞ്ഞു.
”ഞങ്ങള്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് പളളികള്‍ മറച്ച് കെട്ടിയ ഷീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. നാട്ടുകാരുമായും സംസാരിച്ചു. യാത്രാ മാര്‍ഗത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ആശയവിനിമയത്തില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടാകണം. ഇതാണ് സംഭവിച്ചതെന്നും അത് മനഃപൂര്‍വമല്ലെന്നും സ്വതന്ത്ര കുമാര്‍ പറഞ്ഞു.
കന്‍വര്‍ യാത്ര ആരംഭിക്കും മുമ്പ് ഹൈന്ദവ- മുസ്ലീം പ്രതിനിധികളുടെ യോഗം ജില്ലാ ഭരണകൂടം വിളിച്ചിരുന്നതായി മസാറുകളിലൊന്നിന്റെ ഭാരവാഹിയായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ പളളികള്‍ മറയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.
കന്‍വര്‍ തീര്‍ത്ഥാടകര്‍ പതിവായി പള്ളികളുടെയും മസാറുകളുടെയും മുറ്റത്തുളള മരങ്ങളുടെ തണലിലാണ് വിശ്രമിക്കുന്നതെന്നും പളളികള്‍ മറച്ച നടപടി ആദ്യമായിട്ടാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശിവഭക്തര്‍ കിലോമീറ്റുകള്‍ സഞ്ചരിച്ച് ഗംഗാജലം ശേഖരിക്കുന്നതാണ് കന്‍വര്‍ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: