കോട്ടയം: ജെറ്റ് എയര്‍വേയ്സിന്റെ 147 കോടി തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നരേഷ് ഗോയലിന്റെ പേരില്‍ തട്ടിപ്പിന് നീക്കം. മുംബൈ പോലീസ് എന്ന വ്യാജേന എത്തിയ സംഘം കോട്ടയം കുടമാളൂര്‍ സ്വദേശി എം.പി. രമേഷ് കുമാറിനെ കുടുക്കി ഇദ്ദേഹത്തില്‍ നിന്നും പണം തട്ടാനാണ് ശ്രമിച്ചത്.
നരേഷ് ഗോയല്‍ തട്ടിയെടുത്ത 147 കോടി രൂപയില്‍ 20 കോടി രൂപ രമേഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം ഫോണില്‍ ബന്ധപ്പെട്ടത്. മുംബൈ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് തട്ടിപ്പ് സംഘം വാട്സ്ആപ്പ് വീഡിയോ കോള്‍ വിളിച്ചത്. നരേഷ് ഗോയല്‍ മുംബൈയില്‍ ആരംഭിച്ച അറുപതോളം ബാങ്ക് അക്കൗണ്ടുകളില്‍ ഒന്ന് രമേഷ് കുമാറിന്റെ പേരിലുള്ളതാണെന്ന് ആദ്യം വീഡിയോ കോളില്‍ പോലീസ് വേഷത്തില്‍ എത്തിയയാള്‍ പറഞ്ഞു. എന്നാല്‍ തന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ടില്ലെന്ന് മറുപടി പറഞ്ഞതോടെ രമേഷ് കുമാറിന്റെ പേരിലുള്ള കാനറ ബാങ്കിന്റെ മുംബൈയിലെ അക്കൗണ്ട് വിശദാംശങ്ങളും, എടിഎം കാര്‍ഡും സഹിതമുള്ള വ്യാജ രേഖകള്‍ പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള് വാട്സ്ആപ്പില്‍ അയച്ചു നല്കി.
രേഖകള്‍ കണ്ടിട്ടും പതറാതെ രമേഷ് കുമാര്‍ മറുപടിയില്‍ ഉറച്ചു നിന്നതോടെ വീഡിയോ കോളില്‍ പോലീസ് വേഷധാരികളായ രണ്ടു പേര് കൂടിചേര്‍ന്നു. തട്ടിയെടുത്ത 147 കോടി രൂപയില്‍ 20 കോടി രൂപ രമേശിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു വ്യാജ ഉദ്യോഗസ്ഥരുടെ വിശദീകരണം. തട്ടിപ്പ് സംഘത്തിന് വഴങ്ങാതെ സ്വന്തം മറുപടിയില്‍ ഉറച്ചു നിന്നതോടെ രമേഷ് കുമാറിനെ സിബിഐ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കി. അറസ്റ്റ് ഒഴിവാക്കാന്‍ സഹായിക്കാമെന്നും, കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തോളു എന്ന് രമേഷ് കുമാര്‍ പറഞ്ഞതോടെ വ്യാജ പോലീസ് സംഘം കോള്‍ കട്ട് ചെയ്യുകയും വാട്സ്ആപ്പില്‍ ഇവര്‍ അയച്ചു നല്കിയ വ്യാജ രേഖകള്‍ എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടക്കം മുതല്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ രമേഷ് കുമാര്‍ ചോദ്യം ചെയ്യലിനിടയില്‍ സംഘം അയച്ചു നല്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അവരറിയാതെ തന്നെ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
വ്യാജ സംഘം അയച്ച രേഖകള്‍ സൈബര്‍ സെല്ലിന് കൈമാറി. ലയണ്‍സിന്റെ കോട്ടയം ജില്ലാ പിആര്‍ഒ കൂടിയായ എം. പി. രമേഷ് കുമാര്‍ തട്ടിപ്പ് സംഘത്തെ തിരിച്ചറിയാനും അവരെ പ്രതിരോധിക്കാനും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനായി രൂപീകരിച്ച റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഇന്‍ ലയണ്‍സ് എന്ന സംഘടനയുടെ ചെയര്മാന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: