പല്ലേക്കീലെ: കളിനയിക്കുന്നതിനും കളിക്കാരെ ഒരുക്കുന്നതിനും തയ്യാറായി നില്ക്കുന്ന പുതിയ നേതൃത്വത്തിന് കീഴില്‍ ഭാരത ക്രിക്കറ്റ് ടീം ഇന്ന് ആദ്യ പോരാട്ടത്തിന്. ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ അങ്കം രാത്രി ഏഴിനാണ് തുടങ്ങുക. മൂന്ന് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ പോരാണ് ഇന്ന് പല്ലേക്കീലെയില് നടക്കുക.
30ന് തീരുന്ന ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് മത്സര ഏകദിന പരമ്പരയും അരങ്ങേറും. ഏകദിന പരമ്പരയോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലിയും അടക്കമുള്ളവര്‍ ടീമിനൊപ്പം ചേരും. ഇരുവരും ട്വന്റി20 ലോകകപ്പോടെ ക്രിക്കറ്റിന്റെ ചെറു രൂപത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാരതത്തിന് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായെത്തുന്ന ഗൗതം ഗംഭീറിന്റെ ആദ്യ പരീക്ഷണങ്ങളാണ് ഇന്ന് മുതല്‍ കാണാനാകുക. ഈ മുന്‍ താരത്തിന് പുത്തന്‍ ആശയങ്ങളുണ്ടാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ പരിശീലകനും നായകനുമായ രവി ശാസ്ത്രി. 42 കാരനായ ഗംഭീറിന്റെ മികവുകള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ശാസ്ത്രി ഇക്കാര്യം സമര്‍ത്ഥിക്കുന്നത്.
നിലവിലെ ഭാരത ടീമിലുള്ളത് ഏറെക്കൂറേ പുതിയ തലമുറയാണ്. ട്വന്റി20 ലോകകപ്പ് കഴിഞ്ഞതോടെ നായകന് രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിച്ചു. ഇതോടെ ഒരു തലമുറയാകെ ഒഴിയുന്ന സ്ഥിതിയാണുണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ ഭാരത ടീമിന് ആവശ്യമായത് ചെയ്യാന്‍ ഗംഭീറിന് സാധിക്കുമെന്ന് കരുതുന്നതായി ശാസ്ത്രി പറഞ്ഞു. ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഫലം വസ്തുതയായി ചൂണ്ടിക്കാട്ടിയാണ് ആദ്ദേഹം ഇക്കാര്യം സമര്‍ത്ഥിച്ചത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മാര്‍ഗ നിര്ദേശകനായാണ് ഗംഭീര്‍ എത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുന്നത് കണ്ടു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീം വീണ്ടും കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഏറെ വാഴ്ത്തിപ്പാടിയത് ഗംഭീറിന്റെ സാന്നിധ്യമായിരുന്നു. ഗംഭീര്‍ നായകനായിരിക്കെയാണ് മുന്‍പ് കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയതെന്ന വസ്തുതയും കൂട്ടിചേര്ത്തുകൊണ്ടായിരുന്നു ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം.
നിലവില്‍ 42 വയസേ ഗംഭീറിനുള്ളൂ. ഈ ചെറുപ്പം വലിയ ആശയങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ശാസ്ത്രി പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഗംഭീര്‍ ആദ്യ പരീക്ഷണത്തിന് ഇന്ന് തുടക്കമിടാനിരിക്കെയാണ് ശാസ്ത്രിയുടെ പ്രസ്താവന എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: