ഷിരൂര്‍: മോശം കാലാവസ്ഥ വലിയ വെല്ലുവിളിയാണെങ്കിലും മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുളള ദൗത്യം തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരച്ചിലിന് പുതിയ രീതികള്‍ സ്വീകരിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കാലാവസ്ഥ അനുകൂലമാകണമെന്നും മന്ത്രി ഷിരൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാദൗത്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസ്.മോശം കാലാവസ്ഥയിലും ചെയ്യാനാകുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരും.
പുതിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുവരുന്നത് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. തെരച്ചില്‍ നടത്തേണ്ട സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിച്ചുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. മനുഷ്യസാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മി പ്രിയ വെളിപ്പെടുത്തി.
അര്‍ജുനെ കണ്ടെത്താനുള്ള 11-ാം ദിവസത്തെ തെരച്ചിലിനിടെ ഡ്രോണ്‍ പരിശോധനയില്‍ ശക്തമായ സിഗ്‌നല്‍ ലഭിച്ചെന്നാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അറിയിച്ചത്. ലോറിയുടേത് എന്ന് സംശയിക്കുന്ന ശക്തമായ സിഗ്‌നലാണ് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയത്. ഗംഗാവാലി പുഴയ്‌ക്ക് നടുവിലെ മണ്‍കൂനയ്‌ക്ക് സമീപത്തുനിന്നാണ് പുതിയ സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. നദിക്കരയിലെ പരിശോധനയില്‍ തെരച്ചിലില്‍ ഇലക്ട്രിക് ടവറിന്റെ ഭാഗവും കണ്ടെത്തി.
നദിയിലെ അടിയൊഴുക്ക് ഇപ്പോഴും രക്ഷാദൗത്യത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്നും മുങ്ങല്‍ വിദഗ്‌ദ്ധര്‍ക്ക് നദയിലിറങ്ങാന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: