തൊടുപുഴ: നവതി ആഘോഷത്തോടനുബന്ധിച്ച് ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന് രചിച്ചതും, തര്‍ജിമ ചെയ്തതുമായ പുസ്തകളുടെ പ്രദര്‍ശനവും ഡോക്യുമെന്ററിയും ഏറെ ശ്രദ്ധേയമായി. നവതി ആഘോഷ സമിതി നിര്‍മിച്ച അദ്ദേഹത്തിന്റെ ജീവിതചരിത്രം സംബന്ധിച്ച ഡോക്യുമെന്ററി കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായി.
സംഘപഥത്തിലൂടെ ഒന്നാം ഭാഗം, 1921 മാപ്പിളലഹള, വീരസവര്‍ക്കര്‍ എന്റെ ജയില്‍ ജീവിതചരിതം, ഭാരതചരിത്രത്തിലെ ആറ് സുവര്‍ണ്ണ ഘട്ടങ്ങള്‍, ഉണരൂ ഭാരതമേ, സങ്കല്‍പ്പം കര്‍മ്മ പഥത്തില്‍, ഭാരത പാരമ്പര്യത്തില്‍ നിയമ നിഷേധം, സ്വാതന്ത്രത്തിന്റെ സാഫല്യം, വിഭജനത്തിന്റെ ദുഃഖകഥ, ബ്രിട്ടീഷ് ഇന്ത്യ ഇരുളടഞ്ഞകാലം, മനോഹര വൃക്ഷം, ഭാസ്കര്‍ റാവു സമര്‍പ്പിത ജീവിതം, ദേശീയ രാഷ്ട്രീയം കേരളത്തില്‍, മാധവ്ജി ജീവിതം ദൗത്യവും തുടങ്ങി പി. നാരായണന് രചിച്ചതും വിവര്‍ത്തനം ചെയ്തതുമായ പുസ്തങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
സംഘത്തെ വിമര്ശിക്കുന്നവര്ക്കും, എതിര്‍ക്കുന്നവര്‍ക്കും സംഘം എന്താണ്, എന്തല്ല എന്ന് മനസിലാക്കുവാന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ സാധിക്കും. അദ്ദേഹത്തിന്റെ വിശാലമായ അറിവിനേയും സൂക്ഷ്മമായ നിരീക്ഷണ പാടവത്തേയും തിരിച്ചറിയാന്‍ ഈ പുസ്തകങ്ങള്‍ മറിച്ച് നോക്കുന്നതിലൂടെ കഴിയും.
സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ക്ക് ഇതില്‍ ഭൂരിഭാഗം പുസ്തങ്ങളും പരിചയമുണ്ടാകുമെങ്കിലും യുവതലമുറയ്ക്ക് ഇവ അടുത്ത് കാണാനും മനസിലാക്കാനും പ്രദര്‍ശനം ഉപകരിച്ചു. എഴുത്തിലൂടെ സംഘാദര്‍ശത്തെ ലളിതമായി വിവരിക്കുന്ന പി. നാരായണന്റെ ശൈലി പുതുതലമുറയ്ക്ക് വലിയ പാഠമാണ് പകര്‍ന്ന് നല്‍കുന്നത്. വേദിയില്‍ സജ്ജീകരിച്ച ബിഗ് സ്ക്രീനിലാണ് പി. നാരായണന്റെ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ബാല്യം, വിദ്യാഭ്യാസം, ആര്‍എസ്എസ്, ജനസംഘ പ്രവര്‍ത്തനങ്ങള്‍, അടിയന്തരാവസ്ഥയിലെ ജയില്‍വാസം, ജന്മഭൂമി കാലം എന്നിവയുടെ ഓര്‍മപ്പെടുത്തലായി ഡോക്യുമെന്ററി പ്രദര്‍ശനം മാറി.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്, മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. രാമന്‍പിള്ള തുടങ്ങിയ സഹപ്രവര്‍ത്തകരുടേയും കുടുംബാംഗങ്ങളുടേയും ഓര്‍മകളും അനുഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഘപഥത്തിലെ സംഘചരിത്രകാരനെ പുതുതലമുറയ്ക്ക് മനസിലാക്കാന്‍ കഴിയുന്നവിധമാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. സന്തോഷ് അറയ്ക്കന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്ററിയുടെ എഡിറ്റിങ് നിര്‍വഹിച്ചത് ഉണ്ണി രാമപുരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: