ഡാംബുള്ള: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് സെമി പോരാട്ടം. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഒന്നാം സെമിയില്‍ ഭാരതം ബംഗ്ലാദേശിനെ നേരിടും. രാത്രി ഏഴിനാണ് രണ്ടാം ഫൈനല്‍. ശ്രീലങ്കയും പാകിസ്ഥാനും തമ്മിലാണ് രണ്ടാം സെമിയിലെ വാശിപ്പോരാട്ടം.
ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ച് ജേതാക്കളായാണ് ഭാരത വനിതകള്‍ സെമിയിലെത്തിയത്. ഭാരതത്തിന്റെ എതിരാളികളായ ബംഗ്ലാദേശ് ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലേക്ക് മുന്നേറിയത്. ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശ് പരീക്ഷണത്തെ അതിജീവിക്കാനായാല്‍ സ്മൃതി മന്ഥാനയ്ക്കും കൂട്ടര്‍ക്കും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പ്രവേശിക്കാം.
ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് കളികളും ജയിച്ചാണ് ശ്രീലങ്കയും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിനോട് മാത്രം പരാജയപ്പെട്ട പാകിസ്ഥാന് ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് നോക്കൗട്ടിലെത്തിയിരിക്കുന്നത്. ആതിഥേയ ആനുകൂല്യം ശ്രീലങ്കയ്ക്കുണ്ട്. അതിനെ അതിജീവിക്കാന്‍ പാകിസ്ഥാനായാല് ഒരു പക്ഷേ വനിതാ ക്രിക്കറ്റിലും ഭാരത-പാക് ആവേശപ്പോരിന് കളമൊരുങ്ങും.
ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ കളിയില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഭാരത വനിതകള്‍ രണ്ടാം മത്സരത്തില്‍ യുഎഇയെ 78 റണ്‍സിന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ നേപ്പാളിനെ നേരിട്ട ഭാരതം 82 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയാണ് സെമി ബെര്‍ത്ത് ഉറപ്പാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: