ചേര്‍ത്തല: മുസ്ലിം സമുദായത്തെ ഭയന്നാണ് എല്ലാവരും ഇവിടെ ജീവിക്കുന്നെതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ത്താല്‍ കൈയും തലയും വെട്ടുമെന്ന സമീപനം മൂലം ബിജെപിയാണ് രക്ഷ എന്ന തോന്നലാണ് ക്രിസ്ത്യന്‍ സമുദായത്തെ ബിജെപിയിലേക്ക് അടുപ്പിച്ചത്. കേരളം മാറുകയാണ്. ചോരയും നീരും തന്ന് വളര്‍ത്തിയ അടിസ്ഥാനവര്‍ഗത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മറന്നു. അന്ധമായ ന്യൂനപക്ഷ പ്രീണനമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഗോവിന്ദന്‍ മാഷിന് ഈഴവ വോട്ടുകളുടെ പ്രസക്തി മനസിലായി.
എസ്എന്‍ഡിപി യോഗത്തെ കാവി പുതപ്പതിക്കാനോ ചുവപ്പ് അണിയിക്കാനോ ആരേയും അനുവദിക്കില്ല. യോഗം ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടേയും വാലും ചൂലുമല്ല. വിവിധ രാഷ്‌ട്രീയപാ
ര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘടനയില്‍ ഉള്‍പ്പെടുന്നത്. എല്ലാവര്‍ക്കും അവരുടേതായ രാഷ്‌ട്രീയമുണ്ട്. എല്ലാവരേയും ഒന്നിപ്പിച്ച് നിര്‍ത്തിയാണ് യോഗം മുന്നോട്ട് പോകുന്നത്. താന്‍ രാഷ്‌ട്രീയക്കാരനല്ല. പ്രശ്‌നാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. ഇതിന്റെ പേരില്‍ കാവി പുതപ്പിക്കാനും വര്‍ഗീയവാദിയാക്കാനുമാണ് നീക്കം.
എം.വി. ഗോവിന്ദന്റേത് രാഷ്‌ട്രീയ അഭിപ്രായമാണ്. ഇടതുമുന്നണി ശൈലി മാറ്റാന്‍ തയാറാവണം. എല്‍ഡിഎഫിന്റെ അമിതമായ മുസ്ലിം ന്യൂനപക്ഷ പ്രീണനം മൂലം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ബിജെപിയില്‍ ചേരാന്‍ തയാറെടുക്കയാണ്. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന യുവതലമുറയെ ശത്രുപക്ഷത്ത് എത്തിക്കുന്ന സമീപനം ശരിയല്ല.
വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മലബാറിലെ കാര്യം പറയുമ്പോള്‍ കണ്ണടയ്‌ക്കുകയും തെക്കന്‍ കേരളത്തിലെ കാര്യത്തില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് നല്ല സമീപനമല്ല. ഇത്തരം വിഷയങ്ങളും ചര്‍ച്ചയ്‌ക്ക് വിധേയമാക്കി കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. യോഗത്തിന് ആരോടും വിരോധവും വിധേയത്വവുമില്ല. എല്ലാവരോടും തുറന്ന സമീപനമാണ് പുലര്‍ത്തുന്നത്.
കമ്യുണിസ്റ്റ് പാര്‍ട്ടി പല തവണ ദ്രോഹിച്ചെങ്കിലും നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസുമായി യോജിപ്പില്ലെന്നും തന്റെ കുടുംബത്തെ നന്നാക്കാന്‍ ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: