ആലപ്പുഴ: ഉയരപ്പാത നിര്‍മാണതിനിടെ ബസ് കുഴിയില്‍ വീണ് നട്ടെല്ലിന് പരിക്കേറ്റ കിടപ്പിലായ ഗൃഹനാഥന്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരനായിരുന്ന അലക്‌സാണ്ടര്‍ വര്‍ഗീസാ(53)ണ് നിയമ നടപടിക്കൊരുങ്ങുന്നത്.
കഴിഞ്ഞ 18ന് ഇടക്കൊച്ചിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിന് ബസില്‍ കയറിയതായിരുന്നു. രാത്രി 8.45ന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസ് ചമ്മനാട് ഇസിഇകെ യൂണിയന്‍ സ്‌കൂളിന്റെ മുന്നിലെ കുഴിയില്‍ വീണു. അപകടത്തില്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ഇവരെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ അലക്‌സാണ്ടര്‍ വര്‍ഗീസിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി. അടുത്ത ദിവസം ഓര്‍ത്തോ സ്‌പെഷലിസ്റ്റ് നാലു മാസം നടുവിന് ബെല്‍റ്റിട്ടുള്ള വിശ്രമവും ഒന്നരമാസത്തെ ഫിസിയോതെറപ്പിയും നിര്‍ദേശിച്ചു.ഇലക്ട്രിക്, പ്ലംബിങ് ജോലികള്‍ ചെയ്യുന്ന ഇദ്ദേഹം ചമ്പക്കുളത്തുള്ള നാല്‍പ്പാത്താറു ചിറയെന്ന സ്വന്തം വീട്ടില്‍ നിന്ന് മാറി ഇടക്കൊച്ചി, പഷ്ണിത്തോടിനടുത്തുള്ള പഴേകാട്ടില്‍ സെബാസ്റ്റ്യന്‍ സാബുവിന്റെ വീട്ടില്‍ വാടകക്കാണ് താമസം. ഭാര്യയും മാതാവും ഭാര്യാമാതാവും കൂടെയുണ്ട്. ഏകവരുമാനം അലക്‌സാണ്ടറുടെ ജോലിയില്‍ നിന്നുള്ളതായിരുന്നു. നിര്‍മാണ കമ്പനിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: