ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കർണാടക സർക്കാർ. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നതായും സർക്കാർ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച തലസ്ഥിതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
അപകടമുണ്ടായ ജൂലൈ 16ന് തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 16ന് വൈകീട്ട് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ നാല് പേരുടെ മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇതുവരെ കാണാതായ പത്ത് പേരിൽ എട്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നത് 171 അംഗ സംഘമാണ്. ഇതില്‍ ഇന്ത്യന്‍ നേവിയുടെ 12 മുങ്ങല്‍ വിദഗ്ധരുമുണ്ട്.
കാണാതായവരെ കണ്ടെത്താന്‍ ഗംഗാവലി നദിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തുന്നുണ്ട്. ഭൂമിക്കടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്നുമുണ്ട്. മോശം കാലാവസ്ഥയിലും തിരച്ചില്‍ തുടരുന്നുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: