കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ എന്ന വിഷമഴ പെയ്തിറങ്ങിയ കാസര്‍കോടിന്റെ മണ്ണില്‍ ഇനിയെത്ര ജീവനുകള്‍ പൊലിയും. ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് 3 ജീവനുകളാണ് മൂന്ന് നാള് കൊണ്ട് പൊലിഞ്ഞത്. തിരിച്ചു കിട്ടും എന്ന പ്രതീക്ഷയില്‍ ജനിച്ചനാള്‍ മുതല്‍ അച്ഛനമ്മമാര്‍ തങ്ങളുടെ നെഞ്ചോട് ചേര്‍ത്തു വച്ച് ലാളിച്ച് വളര്‍ത്തിയ ഇവര്‍, തങ്ങളുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് ഓരോ കുഞ്ഞുങ്ങളും യാത്ര പറയുന്നത്.
മക്കളെ മാപ്പ്. നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രിയില്ലാത്ത ഈ ജില്ലയില്‍ നിന്നും വാഗ്ദാനങ്ങള്‍ മാത്രം തന്നു കൊണ്ടിരിക്കുന്ന ഈ ചുറ്റുപാടില്‍ പൊഴിമുഖങ്ങള്‍ മാത്രം കണ്ടു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിന്ന് സത്യ ലോകത്തേക്ക് പോയനിങ്ങള്‍ക്ക് നിത്യശാന്തി നേരുന്നു. ജൂലൈ 21നാണ് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പെട്ട ചീമേനിയിലെ ഹരികൃഷ്ണന്(25)വിട പറഞ്ഞത്. തൊട്ടടുത്ത ദിവസം അലാമിപ്പള്ളിയിലെ പ്രഭാകരന് ശ്രീലത ദമ്പതികളുടെ മകള്‍ കെ.പ്രാര്‍ത്ഥന(17)യും മരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ടി.ശശിന്ദ്രന്റെ ഏക മകള്‍ അശ്വിതി(27)മരണത്തിന് കീടങ്ങിയത്. മൂന്ന് മുതല്‍ 10വരെ പത്തുവരെ കാസര്‍കോട് ബ്ലൈന്റ് സ്കൂളില്‍ പഠിച്ച അശ്വതി എസ്എസ് എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചിരുന്നു. നൂറ് ശതമാനം എന്‍ഡോസള്‍ഫാന്‍ രോഗിയായ അശ്വതി വയറ്റിലെ നീര്‍ക്കെട്ട് കാരണം പരിയാരം മെഡിക്കല്‍ കോളേജിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം യേനപ്പോയ ആശുപത്രിയിലെ ചികിത്സക്കിടെയായിരുന്നു മരണം.ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ശുപത്രിയില്‍ വെച്ചാണ് പ്രാര്‍ത്ഥന യാത്രയായത്. ജനിച്ചനാള്‍ മുതല്‍ ആസ്മയും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന പ്രാര്‍ത്ഥനയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തെ അവസ്ഥയായിരുന്നു.
17 വര്‍ഷം പ്രാര്‍ത്ഥനയുടെ മാതാപിതാക്കള്‍ പൊന്നുപോലെ കൊണ്ട് നടന്നു, എന്നിട്ടും…? ശനിയാഴ്ചയായിരുന്ന ചീമേനി ആലപ്പറമ്പിലെയിലെ രാധാകൃഷ്ണന്,സതി ദമ്പതികളുടെ മകന് ഹരികൃഷ്ണന്(25) മരണത്തിന് കീഴടങ്ങിയത്. പ്രവാസിയായിരുന്ന രാധാകൃഷ്ണന് മകന് വേണ്ടിയായിരുന്ന പ്രവാസം ജീവിതം ഒഴിവാക്കി നാട്ടില്‍ എത്തിയത്. ഭാര്യക്ക് കാഞ്ഞങ്ങാട് താല്‍ക്കാലിക ജോലി ലഭിച്ചപ്പോള്‍ മകന് വേണ്ടി മുഴുവന്‍ സമയം കൂട്ടിരുന്നു…. നെഞ്ചുതല്ലി കരഞ്ഞ ഈ മാതാപിതാക്കളുടെ വേദന ആര് കേള്‍ക്കും…. ഓരോ ജീവനും നഷ്ടപ്പെടുന്നതിന്റെ പിന്നില്‍ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍രോഗികളോട് കാണിക്കുന്ന അവഗണന തന്നെയാണ്. കാസര്‍കോടുകാരുടെ ജീവന് എന്ത് വിലയാണ് ഉള്ളത്.
എത്ര കാലമായി ഇത് തുടരുന്നു.ഉക്കിനടുക്കയില്‍ ആര്‍ക്കും വേണ്ടാത്ത ഒരു മെഡിക്കല്‍ കോളേജ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മാത്രമല്ല ഈയൊരു ദുരന്തത്തിന് ഇരയായി തീരുന്നത്. ഓടിത്തളര്‍ന്ന് എത്രയെത്ര ജീവനുകളാണ് ഹോമിക്കപ്പെടുന്നത്. മനുഷ്യത്വമില്ലാത്ത കണ്ണില്‍ ചോരയില്ലാത്ത ഭരണാധികാരികള്‍. അവരുടെ വികാരവിചാരങ്ങള്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങളില്‍ മാത്രം. കാസര്‍കോട്ടുകാര്‍ക്കുമുണ്ട് ജനസാമാജികരും എണ്ണമറ്റ വിപ്ലവനായകര്‍. എന്തിന്? ഒരോ മരണത്തിനും ഭരണകൂടം എണ്ണിയെണ്ണി ഉത്തരം പറയണം. വിചാരണ ചെയ്യണം കൊലക്കുറ്റത്തിന്. കാസര്‍കോട്ടുകാരുടെ നികുതിപ്പണം ആഡംബര കാറുകളില്‍ ചുറ്റാന്‍ മാത്രമല്ല എന്ന ഓര്‍മ്മ വേണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാം ചെയ്യുന്നുണ്ടല്ലൊ. ഭരണാധികാരികളുടെ ഗീര്‍വാണങ്ങള്‍ക്ക് കണക്കില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തമേ നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നതിനുള്ള ഗവേഷണങ്ങളാണല്ലൊ അണിയറയില്‍ കൃത്യമായി നടക്കുന്നത്. വിഷക്കമ്പനികളെ രക്ഷിക്കുക എന്നതല്ലെ അജണ്ട.
സര്‍ക്കാറിന്റെ ഖജനാവ് കാലിയാക്കുന്ന ഭീകരരാണല്ലൊ അവര്‍.നമുക്കു വേണ്ടി നമ്മുടെ യജമാനന്മാര് ചികിത്സാ രംഗത്ത് ഒന്നും ചെയ്യാന്‍ പോകുന്നില്ല.
കൊടി വെച്ച കാറുമായി അവര്‍ പൊറാട്ട് നാടകം കളിച്ചു കൊണ്ടേയിരിക്കും. അവരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട. കാസര്‍കോട് കാര്‍ക്കും ശബ്ദമുണ്ടെന്ന് അനന്തപുരിയിലെ ഏമാന്മാരെ അറിയിക്കണം. നിറങ്ങള്‍ മാറ്റിവെച്ച് നമുക്ക് ഒന്നിച്ചിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: