ആലുവ : ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ രണ്ടാം പ്രതിയെയും കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് കുറുമശ്ശേരി മണ്ണന്തറ വീട്ടിൽ ദീപക്ക് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ. എസ് .കെ ഉമേഷാണ് ഉത്തരവിട്ടത്. ചെങ്ങമനാട്, നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
വിനു വിക്രമൻ എന്നയാളെ കുറുമശ്ശേരിയിൽ ഏപ്രിൽ 10ന് രാത്രി കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ ദീപക്ക് രണ്ടാം പ്രതിയാണ്. ഈ കേസിലെ 1-ാം പ്രതിയായ നിധിൻ (തിമ്മയ്യൻ )നെ ഈ മാസം 5 ന് കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചിരുന്നു. 2019 നവംബറിൽ അത്താണിയിൽ വച്ച് ഗില്ലാപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു വിനു വിക്രമൻ.
ചെങ്ങമനാട് പോലീസ് ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പി.ജെ സാജൻ, ഒ.ജി ജിയോ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എസ് സിംമ്ത, സിവിൽ പോലീസ് ഓഫീസർമാരായ റോഷി ക്രിസ്റ്റി, പി.എസ് അനു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: