യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ആസിഫിനു കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയെ ആദ്യം കണ്ട അനുഭവം പങ്കിടുകയാണ് ആസിഫ്. നേരെ ചൊവ്വെയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ആസിഫ് അലി ഒരു സിനിമാരംഗം പോലെ തോന്നിച്ച ആ ആദ്യകാഴ്ചയെ കുറിച്ചുള്ള അനുഭവം പങ്കിട്ടത്.
സുരേഷ് ഏട്ടനെ (സുരേഷ് ഗോപി) ഞാനാദ്യം കാണുന്നത് ഇടപ്പള്ളി സിഗ്നലിൽ വച്ചാണ്. ലുലുമാൾ വരുന്നതിനു മുൻപും ഇടപ്പള്ളി സിഗ്നൽ ഒരു പേടിസ്വപ്നം ആണ്. അവിടെ റെഡ് ലൈറ്റ് കത്തിയ സമയത്ത് റോഡിലെന്തോ ഒരു തിരക്കു കാണുന്നു. ഞാൻ വണ്ടിയിൽ നിന്നും തലയുയർത്തി നോക്കിയപ്പോൾ കാണുന്നത്, സുരേഷ് ഗോപി ഇടപ്പള്ളി സിഗ്നലിൽ നിന്ന് സിഗ്നൽ തെറ്റിച്ചുവന്ന ഒരു പ്രൈവറ്റ് ബസ്സുകാരനെ പേടിപ്പിക്കുകയാണ്. അദ്ദേഹം അയാളോട് ഷൗട്ട് ചെയ്യുകയാണ്. വണ്ടിയ്‌ക്ക് വട്ടം വച്ച് വിറപ്പിക്കുകയാണ്. ഞാനന്ന് സിനിമയിൽ വന്നിട്ടില്ല, എനിക്കും വലിയ ചോരത്തിളപ്പുള്ള കാലമാണ്. ഒരു ശങ്കർ സിനിമ കാണുന്ന ഫീലായിരുന്നു അത്. നേരിട്ടിറങ്ങി അന്യായത്തെ ചോദ്യം ചെയ്യുന്ന ഒരു നായകൻ, ആ രീതിയിലാണ് ഞാൻ ആദ്യം സുരേഷേട്ടനെ കണ്ടത്. അതൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്,” ആസിഫ് അലി പറഞ്ഞു.
ലെവൽ ക്രോസ്’ ആണ് ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം. സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അർഫാസ് അയൂബാണ്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ ശ്രദ്ധ നേടിയ ആദം അയൂബിന്റെ മകനാണ് അർഫാസ്.
ജൂലൈ 26നാണ് ലെവൽ ക്രോസ് തിയേറ്ററുകളിലെത്തുക. ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആസിഫ് അലിയെ കൂടാതെ ഷറഫുദ്ദീൻ, അമല പോൾ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പിള്ളയാണ് സിനിമ നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആദം അയൂബാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: