ന്യൂദല്‍ഹി: ഗ്രാമീണ മേഖലയില്‍ സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 37 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. 2017- 18ലെ 23.3 ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം കൊണ്ട് 37 ശതമാനത്തിലേക്ക് ഉയര്‍ന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനവും സ്ത്രീകളുടെ പക്കലാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ സ്ത്രീകളെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ ഫലമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്. 8.3 ദശലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി 8.9 കോടി സ്ത്രീകള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജനയ്ക്ക് കീഴിലുണ്ട്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം അനുവദിച്ച വായ്പകളില്‍ 68 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിച്ചത്. സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 77.7 ശതമാനം വനിതാഗുണഭോക്താക്കളാണെന്നും സര്‍വ്വേ പറയുന്നു.
സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അന്തസുയര്ത്തല്, വ്യക്തിത്വ വികസനം, സാമൂഹിക തിന്മകള് കുറയ്ക്കല്‍, മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലെ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തം, സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാക്കുക എന്നീ കാര്യങ്ങളില്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന വഹിക്കുന്ന പങ്ക് സര്‍വ എടുത്തുകാണിക്കുന്നു. സ്റ്റാര്‍ട്ടപ്പും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വത്തിന്റെ തരംഗമാണ് രാജ്യത്തുള്ളത്.
പിഎം ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മിച്ച വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് കൂടുതലായി നല്‍കുന്നതും അവരെ ശക്തരാക്കുന്ന നടപടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: