കേരളം ഒരിക്കല്‍ക്കൂടി നിപയുടെ പിടിയിലമരുകയാണോ? മലപ്പുറം സ്വദേശിയായ ഒരു ബാലന് നിപ ബാധിച്ച് മരണമടഞ്ഞതും, ജില്ലയില്‍ മുന്നൂറിലേറെ പേര് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതുമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ച ബാലന് നിപ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മെഡി. കോളജ് മൈക്രോ ബയോളജി ലാബിലും പൂനെ വൈറോളജി ലാബിലും പരിശോധിച്ചിരുന്നു. മൂന്നിടത്തും നിപ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ ചികിത്സ നല്കാന് തീരുമാനിച്ചതിനിടെയാണ് മരണം സംഭവിച്ചത്. ഈ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നാലുപേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മലപ്പുറത്താണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതും, ഒരു മരണം സംഭവിച്ചതും. എങ്കിലും സമ്പര്‍ക്ക പട്ടികയില്‍ പാലക്കാടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാലുപേരുമുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ആശുപത്രിയില്‍ ചികിത്സക്കെത്തിയവരുമാണെന്ന് അറിയാന്‍ കഴിഞ്ഞു. സമ്പര്ക്കപ്പട്ടികയില്പ്പെടുന്നവരില് ഹൈറിസ്ക്കിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം. സമ്പര്‍ക്കപ്പട്ടിക വിപുലമാക്കി രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള ശ്രമം നടക്കണം. ഇത്തരം മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ യാതൊരു അനാസ്ഥയും ആശയക്കുഴപ്പവും ഉണ്ടാവാന്‍ പാടില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ ശ്രമങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുകയും വേണം.
2018 ല്‍ കോഴിക്കോട് പേരാമ്പ്രയിലാണ് ആദ്യമായി നിപ ബാധ സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ നാല് പേര് രോഗം ബാധിച്ച് മരിച്ചു. ഇതേ വര്‍ഷം പതിനേഴ് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. 2019 ലും 2021 ലും നിപ സ്ഥിരീകരിക്കുകയുണ്ടായി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ ബാധ ഉണ്ടാവുന്നത്. ഇതുവരെ ഇരുപത്തിയൊന്നു പേരാണ് ഈ രോഗം ബാധിച്ച് ഇതിനോടകം മരിച്ചത്. എന്നാല്‍ നിപ വൈറസ് മനുഷ്യരിലേക്കെത്തിയത് എങ്ങനെയെന്ന് ഇതുവരെ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി അഞ്ച് വര്‍ഷവും ഈ രോഗബാധയുണ്ടായിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താനാവാത്തത് വലിയ ആശയക്കുഴപ്പവും ആശങ്കകളുമാണ് സൃഷ്ടിക്കുന്നത്. നിപയുടെ ഉറവിടം ഒരുതരം വവ്വാലുകളാണെന്ന് തുടക്കം മുതല്‍ പറഞ്ഞുപോരുന്നതാണ്. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതാണ് മനുഷ്യരില്‍ വൈറസ് ബാധിക്കാന്‍ കാരണമെന്ന് വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച കൃത്യമായ ധാരണകള്‍ സ്വരൂപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തവണയും നിപ ബാധിച്ച് മരിച്ച കുട്ടി സമീപത്തെ പറമ്പില്‍നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ പറയുന്നുണ്ട്. ഇവിടെ വവ്വാലുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പഴംതീനികളായ വവ്വാലുകള്‍ എല്ലായിടത്തുമുള്ളതിനാല്‍ ഒരു പ്രത്യേക സ്ഥലത്തു മാത്രമായി ഈ വൈറസിന്റെ സാന്നിധ്യം കാണുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും വിശദീകരിക്കാന്‍ കഴിയുന്നില്ല. ഈ രോഗബാധ കണ്ടെത്തിയ കാലം മുതലുള്ള സംശയമാണിത്.
രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഴുതടച്ച മുന്‍കരുതലുകളെടുക്കുകയും, വൈറസ് ബാധ മറ്റുള്ളവരിലേക്ക് പടരാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയുമാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കാനുള്ള ബാധ്യത സംസ്ഥാനത്തിനുണ്ട്. മുന്‍കാലത്ത് ഇങ്ങനെ ചെയ്യാതിരുന്ന ദുരനുഭവങ്ങള്‍ മറക്കാറായിട്ടില്ല. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള കേന്ദ്രത്തിന്റെ ഇടപെടലുകള്‍ മതവിവേചനമായിപ്പോലും ചിത്രീകരിക്കപ്പെട്ടു. കോഴിക്കോട് ആദ്യ നിപ ബാധ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഒരു സിനിമ ജനങ്ങളെ ഈ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു പകരം മതതീവ്രവാദം കുത്തിവയ്ക്കുന്നതിനും കേന്ദ്രവിരോധം വളര്‍ത്തുന്നതിനുമാണ് ശ്രമിച്ചത്. രോഗവ്യാപനം തടയാന്‍ ശ്രമിച്ച മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ കയറ്റി വിചാരണ ചെയ്യുകയായിരുന്നു ഈ സിനിമ. ഇത്തരം രീതികള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഇപ്പോള്‍ രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അത്യാധുനിക മൊബൈല്‍ ലാബറട്ടറികള് കോഴിക്കോട് എത്തിച്ചിട്ടുണ്ട്. മോണോ ക്ലോണല്‍ ആന്‍ഡി ബോഡികളും കേന്ദ്രം എത്തിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. മറിച്ചായിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന് സംരക്ഷിക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടലുകളുണ്ടാവുകയും, ജനങ്ങള്‍ ഇതിനോട് പൂര്‍ണമായി സഹകരിക്കുകയും ചെയ്താല്‍ ഈ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: