ന്യൂദല്‍ഹി: ഭാരതത്തിന്റെ സീനിയര്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായി വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ഭാരതത്തിന്റെ പുതിയ പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) ഇരുവരും തമ്മിലുള്ള പോര്‍ വിളികളും അസ്വാരസ്യങ്ങളും പ്രസിദ്ധമായിരുന്നു. ഇതിനെ മുന്‍ നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗംഭീര്‍ ഇന്നലെ വിശദീകരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ എപ്പോഴേ തീര്‍ന്നുകഴിഞ്ഞു. മൈതാനത്തിന് പുറത്ത് വളരെ നല്ല ബന്ധമാണ് കോഹ്‌ലിയുമായി പുലര്‍ത്തിപ്പോരുന്നത്. അതൊന്നും പൊതുവില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് മാത്രം-ഗംഭീര്‍ പറഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷമുള്ള മുന്‍ താരത്തിന്റെ ആദ്യ ദൗത്യമാണ് ശ്രീലങ്കയിലെ പരിമിത ഓവര്‍ പരമ്പരകള്‍.
വാര്‍ത്താ സമ്മേളനത്തില്‍ താരത്തിനൊപ്പമുണ്ടായിരുന്ന ബിസിസിഐ മുഖ്യ സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് സൂചനകള്‍ നല്‍കി. സപ്തംബറില്‍ ഭാരതത്തിലെത്തുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തോടെ ഷമി കളിച്ചുതുടങ്ങിയേക്കുമെന്നാണ് താരം അറിയിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ അഗാര്‍ക്കര്‍ തയ്യാറായില്ല.
മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്ന മറ്റൊരു ചോദ്യമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവിനെ ട്വന്റി20 ക്യാപ്റ്റനാക്കിയോ എന്ന ചോദ്യം. സൂര്യകുമാര്‍ നായക പദവി അര്‍ഹിക്കുന്ന താരമാണെന്ന് ഗംഭീറും അഗാര്‍ക്കറും പ്രതികരിച്ചു. ലോക ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. സമീപ കാലത്ത് വളരെ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്നുമുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. താരത്തെ നിരന്തരം പരിക്കുകള്‍ അലട്ടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് സൂര്യകുമാറിനെ രോഹിത്തിന്റെ പിന്‍ഗാമിയാക്കിയതെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി. ജഡേജയെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു മറുപടി. ട്വന്റി20 ലോകകപ്പില്‍ താരം നിറംമങ്ങിയിട്ടുണ്ടാകാം, പക്ഷെ താരത്തെ ഒരുതരത്തിലും തഴയാനാകില്ല. ഭാരതത്തിന് മുതല്‍ കൂട്ടാണ് ജഡ്ഡു. അദ്ദേഹത്തിന് വിശ്രമം നല്‍കി വരുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കായി കരുതിവച്ചിരിക്കുകയാണെന്നും അഗാര്‍ക്കര്‍ അറിയിച്ചു. ലോകകപ്പിന് പിന്നാലെ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് ജഡേജ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക