നിലവിൽ മലയാള സിനിമയിലെ യൂത്തന്മാരിൽ മികച്ച രീതിയിൽ അഭിനയം കാഴ്‌ച്ചവെക്കുന്ന ഒരു നടനാണ് ആസിഫ്. സിനിമയിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് തുടരാൻ ആസിഫിന് സാധിച്ചില്ല. മോശം സ്ക്രിപ്റ്റ് സെലക്ഷൻ ആസിഫിനെ പിന്നിലാക്കി. എന്നാൽ സമീപകാലത്ത് ആസിഫ് നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് മികച്ച സിനിമകളുടെ ഭാഗമാവുന്നുണ്ട്. ആസിഫ് തന്റെ കരിയറിൽ 87 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നടൻ ചിരിക്കുമ്പോൾ പ്രേക്ഷകരായ നമുക്ക് കൂടെ ചിരിക്കാൻ കഴിയുന്നുണ്ടെങ്കിലും അതുപോലെ കരയുമ്പോൾ നമ്മൾക്ക് കൂടെ കരയാൻ സാധിക്കുന്നുണ്ടെങ്കിലും അവിടെ ആ നടൻ വിജയിച്ചു.
അത്തരത്തിൽ നോക്കുമ്പോൾ നടൻ എന്ന രീതിയിൽ ആസിഫ് വിജയിച്ച് കഴിഞ്ഞു. തലവൻ പോലുള്ള നല്ല സിനിമകളുടെ ഭാഗമായാൽ ആസിഫിനെ മലയാളികൾ എന്നേക്കും സ്നേഹിക്കും. മുപ്പത്തിയെട്ടുകാരനായ താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ലെവൽ ക്രോസാണ്
ഇപ്പോഴിതാ മനോരമ ന്യൂസ് നേരെ ചൊവ്വെ പരിപാടിയിൽ പങ്കെടുത്ത് ആസിഫ് തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ പങ്കിട്ടു. ആത്മാഭിമാനത്തേക്കൾ തനിക്ക് ആത്മവിശ്വാസമാണ് കൂടുതലെന്നും താരം പറയുന്നു. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എല്ലാ സിനിമകളും ഞാൻ കാണുമായിരുന്നു.
അതുപോലെ എന്റെ വാപ്പയും എല്ലാ സിനിമകളും കാണുമായിരുന്നു. അദ്ദേഹം ഒരു ഹാർഡ്കോർ മോഹൻലാൽ ഫാനാണ്. സിനിമയുടെ ഗ്ലാമറും സെലിബ്രിറ്റി സ്റ്റാറ്റസുമെല്ലാം തന്നെയാണ് എന്നെയും സിനിമയിലേക്ക് ആകർഷിച്ചത്.
പിന്നീട് റിതുവിലേക്ക് സെലക്ടായി അതിന്റെ വർക്ക്ഷോപ്പിൽ പങ്കെടുത്ത് തുടങ്ങിയപ്പോൾ മുതലാണ് അഭിനയം വേറൊരു സംഭവമാണെന്നും അതിന്റെ സാറ്റിസ്ഫാക്ഷൻ എന്താണെന്നും ഞാൻ മനസിലാക്കി തുടങ്ങുന്നത്. ആത്മാഭിമാനത്തേക്കൾ ആത്മവിശ്വാസമാണ് എനിക്ക് കൂടുതൽ.
കാസർഗോൾഡ് സിനിമ ഇറങ്ങിയ സമയത്ത് സിനിമയുടെ റിവ്യു വീഡിയോസ് കണ്ടിരുന്നു. അത്തരത്തിൽ കാണുന്നതിനിടയിൽ കോഴിക്കോടുള്ള ഒരു റിവ്യുവരുടെ വീഡിയോ കണ്ടിരുന്നു. അദ്ദേഹം ഇരുന്നിട്ട് ഞാൻ ചെയ്ത നല്ല സിനിമകളെ കൺസിഡർ ചെയ്യാതെ വളരെ മോശമായിട്ട് ആസിഫ് അലി എങ്ങനെയാണ് ഇത്രയുംനാൾ സിനിമകൾ ചെയ്തതും ഈ ഇൻഡസ്ട്രിയുടെ ഭാഗമായി നിന്നതും എന്നത് ഒരു അത്ഭുതമാണെന്നും പറഞ്ഞാണ് അദ്ദേഹം റിവ്യു വീഡിയോ അവസാനിപ്പിച്ചത്.
ആ ഒരു മൊമന്റിൽ ഞാൻ ശരിക്കും തകർന്ന് പോകുന്ന അവസ്ഥവരെയുണ്ടായി. എന്റെ സിനിമകൾ മോശമായാലും എന്റെ എഫേർട്ടിനെ കുറിച്ച് ആളുകൾ പലപ്പോഴും സംസാരിക്കാറുണ്ട്. അന്ന് അത് കേട്ടപ്പോൾ ഒന്ന് മുതൽ തുടങ്ങാമെന്ന് ഞാൻ കരുതി എന്ന് ആസിഫ് അലി പറഞ്ഞു. പിന്നീട് അഭിനയിച്ച് തുടങ്ങിയ കാലത്തെ അനുഭവങ്ങളാണ് താരം പങ്കിട്ടത്. കഥ തുടരുന്നു സിനിമ ചെയ്യുന്ന സമയത്ത് 27 ദിവസം കഴിഞ്ഞാണ് ഞാൻ ഷൂട്ടിങ് സെറ്റിൽ എത്തുന്നത്.
ആകെ എനിക്ക് അറിയുന്നത് സത്യൻ അന്തിക്കാടിനെ മാത്രമാണ്. എന്റെ ഫസ്റ്റ് സീൻ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്. മംമ്തയെ കണ്ടപ്പോൾ ഞാൻ പേടിച്ചു. ഡയലോഗ് പറയാൻ പറ്റുന്നില്ല. പേടിച്ചിട്ട് എനിക്ക് കെട്ടിപിടിക്കാൻ പറ്റുന്നില്ല. അതിൽ നിന്നൊക്കെ മാറ്റം വന്നുവെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
അപൂർവ്വരാഗത്തിന്റെ പാട്ടിന്റെ ഷൂട്ടിങ് ക്രൈസ്റ്റ് കോളേജിലാണ് നടന്നത്. സ്വാഭാവികമായും ഒരാൾ അവിടേക്ക് വരുമ്പോൾ അയാളെ എങ്ങനെ തോൽപ്പിക്കാം എന്നായിരിക്കും അവിടെ ഉള്ളവരുടെ ചിന്ത. പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ശാന്തി മാസ്റ്ററാണ്.
പാട്ട് രംഗത്തിൽ എന്റെ ഫസ്റ്റ് സ്റ്റെപ്പ് ഒകെ ആകുന്നത് നാല് മണിക്കൂറിന് ശേഷമാണ്. ആ സമയം കൊണ്ട് ആളുകൾ ചിരിക്കുന്നു. കമന്റ് അടിക്കുന്നു..ആത്മഹത്യയെ വരെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട് അപ്പോൾ. മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു.
രാവിലെയായിരുന്നു ഷൂട്ടിങ് തുടങ്ങിയത് എല്ലാം ഒകെ ആവുന്നത് 11.30 ഓടെയാണ്. അപ്പോഴേക്കും വെയിലുകൊണ്ട് എന്റെ മുടിയിലെ ജെല്ല് പോയി. മുഖം ആകെ കരിവാളിച്ച് ഞാൻ വല്ലാതെയായി. അവസാനം ഞാൻ സിബി സാറിന്റെ അടുത്ത് പോയി ഞാൻ പോയിക്കോട്ടെയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: