തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചത് ആശുപത്രിയുടെ അനാസ്ഥമൂലമാണെന്ന് ആരോപിച്ച് മൃതദേഹവുമായി പ്രതിഷേധം. ആശുപത്രിയുടെ മുന്നിലാണ് യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും പ്രതിഷേധം.
പ്രതിഷേധം തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ നെയ്യാറ്റിന്‍കര റോഡ് ഉപരോധിക്കുന്നു. ആശുപത്രിയുടെ മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്.
അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ വിശദീകരണം. ഉദര സംബന്ധമായ അസുഖങ്ങള്‍ക്ക് സാധാരണയായി നല്കുന്ന പാന്റോപ്രസോള്‍ എന്ന മരുന്ന് മാത്രമാണ് രോഗിക്ക് നല്‍കിയിട്ടുള്ളത്. ഏതൊരു മരുന്നിനും സംഭവിക്കാവുന്ന ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാരകമായ അലര്‍ജി പ്രക്രിയ ആകാം രോഗിക്ക് സംഭവിച്ചതെന്നാണ് കെജിഎംഒയുടെ വിശദീകരണം. ഇതിനെ ചികിത്സാ പിഴവായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നാണ് കെജിഎംഒയുടെ വിശദീകരണം.
വൃക്കയിലെ കല്ലിന് ചികിത്സ തേടിയാണ് മലയിന്‍കീഴ് സ്വദേശിനി കൃഷ്ണ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇഞ്ചക്ഷന് നല്‍കിയതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൃഷ്ണയുടെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തു.
ഈ മാസം 15നാണ് കൃഷ്ണ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: