Sports

രണ്ടാം ലോകമഹായുദ്ധം,ബോബിഫിഷര്‍, ഗാരി കാസ്പറോവ്, ഇന്‍റര്‍നെറ്റ്…. പ്രതിസന്ധികളെ നേരിട്ട് മുന്നേറിയ ഫിഡെയ്‌ക്ക് 100 വയസ്സ്

രണ്ടാം ലോകമഹായുദ്ധം ചെസിന്‍റെ മുന്നേറ്റത്തെ പരിക്കേല്‍പിച്ച സമയമായിരുന്നു. പണമില്ല. സ്പോണ്‍സര്‍ഷിപ്പില്ല. ദാരിദ്ര്യമാണെങ്ങും. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ചെസ് താരങ്ങളെ അയ്ക്കാന്‍ പല രാഷ്ട്രങ്ങളുടെയും കയ്യില്‍ പണമില്ലാതായി.

ന്യൂദല്‍ഹി: രണ്ടാം ലോകമഹായുദ്ധം ചെസിന്റെ മുന്നേറ്റത്തെ പരിക്കേല്‍പിച്ച സമയമായിരുന്നു. പണമില്ല. സ്പോണ്‍സര്‍ഷിപ്പില്ല. ദാരിദ്ര്യമാണെങ്ങും. ഇതോടെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ചെസ് താരങ്ങളെ അയ്‌ക്കാന്‍ പല രാഷ്‌ട്രങ്ങളുടെയും കയ്യില്‍ പണമില്ലാതായി. ഇതിന് പുറമെ സോവിയറ്റ് യൂണിയന്‍ (ഇന്നത്തെ റഷ്യ) ചെസിനെ നിയന്ത്രിക്കുന്ന അന്താരാഷ്‌ട്ര സംഘടനയായ ഫിഡെയില്‍ അംഗമകാന്‍ വിസമ്മതിക്കുകയും ചെയ്തു. ചെസിന് ഏറെ പ്രാധാന്യം നല്‍കുന്ന റഷ്യന്‍ താരങ്ങളുടെ അഭാവം ഫിഡെയെ ഉലച്ചു. അതുപോലെ മറ്റൊരു പ്രതിസന്ധി ഉണ്ടായത് ബോബി ഫിഷര്‍ എന്ന അമേരിക്കന്‍ ചെസ് ചാമ്പ്യനുമായാണ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്ന രീതിയോടും കളിക്കാരെ തെരഞ്ഞെടുക്കുന്ന രീതിയോടും ഫിഡെയുടെ നിയമങ്ങളോടും ഫിഷര്‍ കലഹിച്ചു. എന്നാല്‍ അതു കഴിഞ്ഞും ഫിഡെ മുന്നേറി. ഇതുപോലെ മറ്റൊരു പ്രതിസന്ധി ഗാരി കാസ്പറോവ് എന്ന റഷ്യന്‍ താരത്തില്‍ നിന്നുമാണ് ഉണ്ടായത്. നല്ലൊരു പങ്ക് ലോകോത്തര ചെസ് താരങ്ങളെയും അടര്‍ത്തിയെടുത്ത് ഗാരി കാസ്പറോവ് മറ്റൊരു സംഘടന ആരംഭിച്ചു. എന്നാല്‍ ഇതിനെയും ഫിഡെ അതിജീവിച്ചു. ഇന്ന് ഫിഡെയുടെ സഹയാത്രികനാണ് ഗാരി കാസ്പറോവ്.

അതായത് പ്രതിസന്ധികളില്‍ തകരുന്ന ഒന്നായിരുന്നില്ല ഫിഡെ. ഇന്‍റര്‍നെറ്റും ഓണ്‍ലൈന്‍ ചെസും പടര്‍ന്നതോടെ ഒരു അന്താരാഷ്ട ചെസ് സംഘടനയ്‌ക്ക് പ്രസക്തിയുണ്ടോ എന്ന് വരെ സംശയിച്ചപ്പോഴും ഫിഡെ അതിനെയും മറികടന്ന് മുന്നോട്ടൊഴുകി. ഇടയ്‌ക്കിടെ നിയമങ്ങളും കളിയുടെ ഘടനകളും മാറ്റി ചെസിനെ ഫിഡെ വൈവിധ്യമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങിനെ വീണ്ടും ഫിഡെ ഉയര്‍ത്തെഴുന്നേറ്റു. 1924ല്‍ രൂപം കൊണ്ട ഫിഡെ എന്ന അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ അങ്ങിനെ പല പല പ്രതിസന്ധികളും മറികടന്ന് പുരോഗതിയിലേക്ക് ചുവടുവെച്ചു. വിവിധ രാഷ്‌ട്രങ്ങളില്‍ അതിന്റെ അടയാളങ്ങള്‍ പതിപ്പിച്ചു.

ചെസിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന
ആഗോള ചെസ് ഫെഡറേഷനായ ഫിഡെയ്‌ക്ക് ജൂലായ് 20ന് 100 വയസ്സ് തികഞ്ഞു. അന്ന് തന്നെയാണ് ലോക ചെസ് ദിനവും. വിവിധ തലമുറകളെയും സംസ്കാരങ്ങളെയും കോര്‍ത്തിണക്കുന്ന ഒന്നായി ചെസിനെ ലോകം കാണുന്നു. ഇന്ത്യയില്‍ ആറാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച കളിയാണ് ചെസെങ്കിലും പിന്നീടത് അത് ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞു.

1924 ജൂലായ് 20ന് ഫ്രാന്‍സിലെ പാരീസിലാണ് ഫിഡെയുടെ ജനനം. ഫെഡറേഷന്‍ ഇന്‍റര്‍നാഷണല്‍ ഡെസ് എചെക്സ് എന്ന ഫ്രഞ്ച് പദത്തില്‍ നിന്നാണ് ഫിഡെ എന്ന പദം ഉത്ഭവിച്ചത്. ഇപ്പോള്‍ ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ എന്നാണ് ഇപ്പോള്‍ ഇംഗ്ലീഷില്‍ ഫിഡെയുടെ പൂര്‍ണ്ണനാമം. 2024 ജൂലായ് 20ന് ഫിഡെയ്‌ക്ക് 100 വയസ്സായി.

എട്ടാം അന്താരാഷ്‌ട്ര ഒളിമ്പിക്സിനോടനുബന്ധിച്ചാണ് ഫിഡെയുടെ ജനനം. ഫ്രാന്‍സിന്റെ പി. വിന്‍സെന്‍റ്, ബ്രിട്ടന്റെ എല്‍. റീസ്, നെതര്‍ലാന്‍റ്സിന്റെ എ റുവെബ്, അലക്സാണ്ടര്‍ അലെഖിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം റഷ്യന്‍ ചെസ് താരങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ചെസിനൊരു അന്താരാഷ്‌ട്ര സംഘടന വേണമെന്ന ആശയത്തോടെ ഫിഡെ രൂപീകരിച്ചത്.

ഫിഡെ 1927 മുതല്‍ ലോക ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കാന്‍ തുടങ്ങി. 1948 മുതല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിച്ചു. വനിതകള്‍ക്കും ജൂനിയറിനും സീനിയറിനും അംഗപരിമിതര്‍ക്കും ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നുണ്ട് ഫിഡെ. ചെസിലെ നിലവാരം നിശ്ചയിക്കുന്ന പദവികള്‍ നിശ്ചയിച്ചത് ഫിഡെ ആണ്. അങ്ങിനെയാണ് ഗ്രാന്‍റ് മാസ്റ്റര്‍ (ജിഎം), ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ (ഐഎം), ഫിഡെ മാസ്റ്റര്‍, കാന്‍ഡിഡേറ്റ് മാസ്റ്റര്‍ (സിഎം), വിമന്‍ ഗ്രാന്‍റ് മാസ്റ്റര്‍ (ഡബ്ല്യു ജിഎം) തുടങ്ങിയ സ്ഥാനങ്ങള്‍ കളിക്കാര്‍ക്ക് നല്‍കിത്തുടങ്ങിയത്. അതുപോലെ ചെസ് കളിക്കാര്‍ക്ക് റാങ്കുകളും റേറ്റിംഗുകളും നല്‍കാന്‍ തുടങ്ങി. കളിക്കാരുടെ മിടുക്കിനെ ആധാരമാക്കിയ ഇഎല്‍ഒ എന്ന റേറ്റിംഗിനെ ആധാരമാക്കിയാണ് റാങ്കുകളും റേറ്റിംഗുകളും തീരുമാനിച്ചത്.

ഫിഡെയ്‌ക്ക് 100 വയസ്സ് തികഞ്ഞതും അന്താരാഷ്‌ട്ര ചെസ് ദിനവും കണക്കിലെടുത്ത് ലോകമെങ്ങും ഫിഡെ ചെസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്കൂള്‍ കുട്ടികള്‍, അഭയാര്‍ത്ഥികള്‍, ജയിലിലെ തടവുകാര്‍, ക്ലബ് കളിക്കാര്‍ തുടങ്ങി സമൂഹത്തിന്റെ പല തട്ടുകളിലുള്ളവര്‍ ഫിഡെയ്‌ക്ക് 100 വയസ്സായ ദിനത്തില്‍ ചെസ് കളിച്ചു.

ഫിഡെയുടെ ജനനം
1966ല്‍ യുനെസ്കോയാണ് ഫിഡെ പിറവികൊണ്ട ജൂലായ് 20നെ ആഗോള ചെസ് ദിനമായി അംഗീകരിച്ചത്. ഇതിന് പിന്നാലെ ഐക്യ രാഷ്‌ട്രസഭ 2019ല്‍ ജൂലായ് 20 ആഗോള ചെസ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

ഇപ്പോള്‍ സ്വിറ്റ് സര്‍ലാന്‍റിലെ ലുസാനെ ആണ് ഫിഡെയുടെ ആസ്ഥാനം. ലോകത്തിലെ 201 രാജ്യങ്ങളിലെ ചെസ് ഫെഡറേഷനുകള്‍ അതില്‍ അംഗങ്ങളുമാണ്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയ്‌ക്ക് ഇപ്പോള്‍ ചെസില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു.

ഇന്ന് ലോകമെങ്ങും ചെസ് കളിക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ചെസില്‍ ദിവസേന ആറ് കോടി ചെസ് മത്സരങ്ങളെങ്കിലും ഒരു ദിവസം നടക്കുന്നു എന്നാണ് ഫിഡെയുടെ കണക്ക്.

ലോകറെക്കോഡ് സ്ഥാപിക്കാന്‍ ഫിഡെ
ഫിഡെയ്‌ക്ക് 100 വയസ്സ് തികഞ്ഞതിന്റെ ഭാഗമായി ചെസിന്റെ പേരില്‍ ഫിഡെ ഗിന്നസ് ബുക്കിലേക്ക് കയറിപ്പറ്റി. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ചെസ് മത്സരങ്ങള്‍ നടത്തുക വഴിയാണ് ഫിഡെ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചത്.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക