ദുബായ് : ഗൾഫിലെങ്ങും ചൂട് കനത്തതോടെ ഈന്തപ്പഴങ്ങളുടെ വിവിധ ഫെസ്റ്റിവലുകൾക്ക് തുടക്കമായി. ഏറ്റവും പുതിയതായി എട്ടാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ 25 വ്യാഴാഴ്‌ച്ച ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിക്കും. ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25 മുതൽ ജൂലൈ 28 വരെയാണ്. ഷാർജയിൽ നിന്നും, യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നുമായി നിരവധി ഈന്തപ്പന കർഷകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. ഈ മേളയ്‌ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ മേളയുടെ ഭാഗമായി നിരവധി പരിപാടികളും, മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈന്തപ്പന തോട്ടങ്ങളുടെ ഉടമകൾ, ഈന്തപ്പന കർഷകർ എന്നിവർ മത്സരങ്ങളുടെ ഭാഗമായി ഈ വർഷത്തെ വിളവിൽ നിന്നുള്ള വിവിധ തരം ഈന്തപ്പഴങ്ങൾ പ്രദർശിപ്പിക്കുന്നതാണ്.
ഇതോടൊപ്പം മറ്റു വാണിജ്യ ഉത്പന്നങ്ങളുടെ മേള, നാടോടികലാരൂപങ്ങളുടെ പ്രദർശനങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.
അതേ സമയം രാജ്യ തലസ്ഥാനമായ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ഈന്തപ്പഴ മഹോത്സവമായ ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.
ഈന്തപ്പനയുടെ ചരിത്ര, സാംസ്‌കാരിക പ്രാധാന്യം, സാംസ്കാരിക തനിമ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ഭക്ഷ്യ സുരക്ഷ, സുസ്ഥിര വികസനം എന്നിവയുടെ പ്രോത്സാഹനം തുടങ്ങിയ വിഷയങ്ങൾ മേള സന്ദർശിക്കുന്നതിന്റെ ഭാഗമായി ഹംദാൻ ബിൻ സായിദ് ചൂണ്ടിക്കാട്ടി.
അൽ ദഫ്‌റയിലെ, ലിവ നഗരത്തിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ ഈന്തപ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
എമിറാത്തി സാംസ്‌കാരികത്തനിമയുടെ പ്രതീകമായി ഈന്തപ്പഴത്തെ ഉയർത്തിക്കാട്ടുന്നതിനും, മേഖലയിലെ ഈന്തപ്പഴ കർഷകർക്ക് പിന്തുണ നൽകുന്നതിനുമുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: