ന്യൂഡല്‍ഹി: ലോക പൈതൃക സമിതി യോഗം ആദ്യമായി ഇന്ത്യയില്‍ നടക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് മടക്കി കൊണ്ടുവന്ന 350 ലധികം പുരാവസ്തുക്കള്‍ 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സമിതി യോഗത്തോടനുബന്ധിച്ചുള്ള എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. യുനെസ്കോ ഡി.ജി ഓഡ്രി അസോലെയും പങ്കെടുക്കും.
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ 21 മുതല്‍ 31 വരെയാണ് നടക്കുക. വര്‍ഷത്തിലൊരിക്കലാണ് ലോക പൈതൃകസമിതി യോഗം ചേരുന്നത്, ലോക പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സൈറ്റുകള്‍ തീരുമാനിക്കുന്നതിനും ഈ സമിതിക്കാണ് ഉത്തരവാദിത്തം. നിലവിലുള്ള 124 ലോക പൈതൃക സ്വത്തുക്കളുടെ സംരക്ഷണാവസ്ഥയുടെ റിപ്പോര്‍ട്ടുകള്‍, ലോക പൈതൃക ഫണ്ടുകളുടെ അന്താരാഷ്ട്ര സഹായം, വിനിയോഗം തുടങ്ങിയവ ഈ യോഗത്തില്‍ ചര്‍ച്ചചെയ്യും. 150 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 2000 ലധികം ദേശീയ അന്തരാഷ്ട്ര പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: