തൃശൂര്‍ : മാധ്യമം ദിനപത്രത്തില്‍ രാമായണ മാസത്തോട് അനുബന്ധിച്ച് രാമനേയും രാമായണത്തേയും, വാല്മീകിയേയും, തുഞ്ചത്ത് ആചാര്യനേയും അപമാനിച്ചും അവഹേളിച്ചും പ്രസിദ്ധീകരിക്കുന്ന രാമായണ സ്വരങ്ങള്‍, എന്ന പരമ്പര ഹിന്ദുസമൂഹത്തേയും വിശ്വസങ്ങളേയും അവഹേളിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും രാമായണ ഫെസ്റ്റ് കണ്‍വീനറുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്.
രാമായണത്തേയും തുഞ്ചത്ത് ആചാര്യനേയും വാല്മീകിയേയും അപമാനിക്കുന്ന ലേഖന പരമ്പര അപലപനീയമാണ്. ജമാഅത്ത് ഇസ്ലാമിയുടെ മുഖപത്രം നടത്തുന്ന ഈ അധിക്ഷേപം കണ്ടില്ലന്ന് നടിക്കുന്ന സാംസ്കാരിക ബുദ്ധിജീവികള്‍ എല്ലാ കാലയളവിലും സ്വീകരിക്കുന്ന ഹിന്ദുവിരുദ്ധ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിക്കുന്നത്.
റംസാന് പുണ്യമാസത്തില്‍ ഖുറാന് എതിരെയായിരുന്നു ഇതുപോലുള്ള അധിക്ഷേപങ്ങളെങ്കില് സാംസ്കാരിക നായകന്മാരും, ഇടതും വലതും ആയ രാഷ്ടീയകക്ഷികളും പല്ലും നഖവും ഉപയോഗിച്ച് രംഗത്ത് വരുമായിരുന്നില്ലേയെന്നും ഗോപാലകൃഷ്ണന് ചോദിച്ചു.
ശ്രീരാമന് മാനവീകതയുടെ പ്രതീകമാണ്. രാമായണം ദളിത് വിരുദ്ധമാണന്നും സവര്‍ണ്ണ കാവ്യമാണന്നും പറയുന്നതും, ത്രേതായുഗത്തിലെ രാമന് കലിയുഗത്തില്‍ ജനിച്ച ബുദ്ധനെ ചോരനന്ന് വിളിച്ച് അക്ഷേപിച്ചു എന്ന് പരമ്പരയില്‍ എഴുതിയിട്ടുള്ളതും വിവരക്കേടും അപകീര്‍ത്തികരവുമാണ്. തുഞ്ചത്ത് ആചാര്യനെ അവഹേളിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സാംസ്കാരിക നായകന്മാര് കേരളത്തിന് അപമാനമാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ശ്രീകുമാര്‍ ആമ്പല്ലൂരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: