ഒളിംപിക്സ് മെഡല്‍ ചൂടിയ രണ്ടാമത്തെ കേരളീയന് പി.ആര്. ശ്രീജേഷ് ചരിത്ര മെഡല്‍ സ്വന്തമാക്കിയ ശേഷം വീണ്ടും ഒരു ലോക കായിക പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. പഠിക്കുക, തിരുത്തുക, പരിശ്രമിച്ചുകൊണ്ടിരിക്കുക എന്ന തത്ത്വം ജീവതാളമാക്കിയാണ് താന്‍ ഭാരത ഗോള്‍ പോസ്റ്റിന് മുന്നില്‍ ഓരോ തവണയും നിലയുറപ്പിക്കാനെത്തുന്നതെന്ന് ശ്രീജേഷ് പറയുന്നു.
പുത്തന്‍ പ്രതിഭകളുണ്ടെങ്കിലും കിഴക്കമ്പലത്തുകാരനായ ശ്രീജേഷിനെ ഈ 36-ാം വയസിലും ഭാരത ഹോക്കി ടീം ഗോള്‍ വലയ്ക്ക് മുന്നില്‍ പ്രധാനിയായി പിടിച്ചു നിര്‍ത്തുന്നത് സ്വന്തം ദൗത്യം പ്രാണവായുപോലെ താളത്തിലാക്കിയതിനാലാണ്. പുതിയ തലമുറ ലേബല്‍ പിന്നിട്ട് സ്ഥിരം ഗോള്‍ കീപ്പര്‍ പദവിക്ക് അര്‍ഹരായി നില്ക്കുന്ന 27കാരനായ കൃഷ്ണന് പഥക്കും 28കാരനായ സുരാജ് കര്‍ക്കേറയും ഗോള്‍ വലയ്ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. അപ്പോഴും അവരേക്കാള്‍ മുന്തിയ സ്ഥാനം ശ്രീജേഷിന് കല്‍പ്പിക്കണമെന്ന് ഭാരത ഹോക്കി ഫെഡറേഷനും കോച്ചിനും തര്‍ക്കമില്ല. ഈ മലയാളി താരത്തില്‍ ഭാരതം ഒന്നാകെ അര്‍പ്പിക്കുന്ന വിശ്വാസമാണത്.
41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭാരതം ഹോക്കിയില്‍ ഒളിംപിക്സ് മെഡല്‍ നേടിയ വര്‍ഷമായിരുന്നു 2021. അസുലഭ നേട്ടത്തിന് പിന്നാലെ വേണമെങ്കില്‍ കരിയര്‍ അവസാനിപ്പിക്കാമായിരുന്നു. പക്ഷെ കളി തുടരണം, ഭാരതത്തിന്റെ ഗോള്‍ വലയ്ക്ക് മുന്നില്‍ കര്‍മ്മനിരതനായി ഉണ്ടാകണം എന്ന ഇച്ഛാശക്തിയാണ് തന്നെ ഇപ്പോള്‍ പാരിസില്‍ ഇറങ്ങാന്‍ പ്രാപ്തനാക്കിയതെന്ന് ശ്രീജേഷ് പറയുന്നു. ഇപ്പോഴത്തെ ഹോക്കി ടീമില്‍ ഏറ്റവും കൂടുതല്‍ കാലത്തെ പരിചയ സമ്പത്തുള്ള താരമാണ് ശ്രീജേഷ്. ഭാരത കുപ്പായത്തില്‍ ഇത് താരത്തിന്റെ നാലാമത്തെ ഒളിംപിക്സ് ആണ്. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനിടെ ടീമിന്റെ നായക പദവിയും അലങ്കരിച്ചിട്ടുണ്ട്. നേട്ടങ്ങളെക്കാള്‍ ഭാരതത്തിന്റെ വീഴ്ച്ചകള്‍ വേണ്ടുവോളം കണ്ടറിഞ്ഞ താരമാണ് ശ്രീജേഷ്. 2012ല്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പിങ് പരിശീലകന് ഡേവ് സ്റ്റാനിഫോര്ത്തിന് കീഴില്‍ കൂറേയേറെ കാര്യങ്ങള്‍ പഠിച്ചെടുക്കാനായി. ഏതാണ്ട് നൂറ് അന്താരാഷ്ട്ര മത്സരങ്ങള്‍ പിന്നിട്ടതോടെ മത്സരം താളാത്മകമായി. ഇപ്പോള്‍ 328 മത്സരങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ടോക്കിയോ ഒളിംപിക്സിലെ മെഡല്‍ നേട്ടത്തില്‍ ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായിരുന്നു.
അന്നത്തേതില്‍ നിന്നും ഭാരത ടീമിന്റെ അവസ്ഥ പുരോഗമിച്ചിട്ടേയുള്ളൂ. കോവിഡ്19ന്റെ നിഴലിലായിരുന്നു ടോക്കിയോ ഒളിംപിക്സ്. സൂം മീറ്റിങ്ങുകളിലായിരുന്നു ടീമംഗങ്ങള്‍ ഏറിയ പങ്കും കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരുന്നത്. അതിനാല്‍ പരിശീലനത്തിനും മറ്റുമായി ഒത്തൊരുമിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നന്നായി മുതലെടുത്തു. തിരിച്ചറിവോടെ പൊരുതാനായി. ഇക്കുറി എല്ലാം സാധാരണ മട്ടിലാണ്. കുറേകൂടി കടുപ്പമാണ് കാര്യങ്ങള്‍. എല്ലാ ടീമുകളും ശക്തരാണ്. എഫ്ഐഎച്ച് റാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനത്തുള്ള ടീമുകള്‍ ആരെ വേണമെങ്കിലും തോല്‍പ്പിക്കാന്‍ കെല്പുള്ളവരാണ്. ആര് നേടും, ആര് വീഴും എന്നത് അപ്രവചനീയമാണ്. ഇതിനിടയില്‍ നിന്ന് പൊരുതിക്കയറി വേണം ഏഴാം സ്ഥാനക്കാരായ ഭാരതത്തിന് നേട്ടംകൊയ്യാന്‍. ടോക്കിയോയില്‍ ഭാരതം വെങ്കലപ്പോരില്‍ ജര്‍മനിക്കെതിരെ ചരിത്രം കുറിച്ച നിമിഷം ശ്രീജേഷിന്റെ ആഘോഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കാവല്‍ നിന്ന ഗോള്‍ പോസ്റ്റിന് മുകളില്‍ കയറി ഇരുന്നുകൊണ്ടായിരുന്നു താരത്തിന്റെ ആഹ്ലാദം. അന്നത്തെ ആ വീര്യത്തിനും ഉത്സാഹത്തിനും തരിപോലും കുറവില്ലാതെ പാരീസില്‍ പൊരുതാനുള്ള പുറപ്പാടിലാണ് ശ്രീജേഷും ഹര്‍മന്‍പ്രീത് സിങ്ങിന് കീഴിലുള്ള ഭാരത ഹോക്കി സംഘവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: