ന്യൂദല്‍ഹി: യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മിഷന് ചെയര്മാന് മനോജ് സോണി രാജിവെച്ചു. 2029 മേയ് മാസം വരെ കാലാവധി നില്‍ക്കെയാണ് രാജി. സാമൂഹ്യ-സാംസകാരിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കണമെന്ന ആഗ്രഹത്താലാണ് രാജി. വ്യാജരേഖകള്‍ സമര്‍പ്പിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്ക്കര്‍ നിയമനം നേടിയതുമായി യുപിഎസ് സി ചെയര്‍മാന്റെ രാജിക്ക് ബന്ധമില്ലെന്നും തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും യുപിഎസ്സി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദീര്‍ഘകാലമായി സഹകരിച്ച് പ്രവര്‍ത്തിച്ച വിദ്യാഭ്യാസ വിദഗ്ധനായ മനോജ് സോണി 2017 ജൂണിലാണ് യുപിഎസ് സിയില്‍ അംഗമായത്. 2023 മേയ് 16 മുതല്‍ ചെയര്മാന് സ്ഥാനമേറ്റെടുത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ അനൂപം മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് സോണിയുടെ രാജി.
സ്വാമിനാരായണ്‍ വിഭാഗത്തില്‍ നിന്ന് മാറി രൂപീകരിച്ച അനൂപം മിഷന് ഗുജറാത്തിലെ ആനന്ദിലെ മോര്ഗിയിലാണ് ആസ്ഥാനമെങ്കിലും യുഎസ് കേന്ദ്രീകരിച്ചാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയവും മുഴുകാനുള്ള തീരുമാനത്തിലാണ് 59കാരനായ മനോജ് സോണി.
2005ല്‍ ബറോഡയിലെ ദി മഹാരാജ സായജിറാവു യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി നാല്‍പ്പതാം വയസ്സില്‍ മനോജ് സോണി ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വിസിയായിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് 2009 മുതല്‍ 2015 വരെ രണ്ട് ടേം ഗുജറാത്തിലെ അംബേദ്ക്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വിസിയുമായി. യുഎസിലെ ലൂസിയാനയിലെ ബാറ്റന് റോഗ് നഗരത്തിലെ മേയര്‍-പ്രസിഡന്റ് എന്ന പദവി ബഹുമതിയായി അദ്ദേഹത്തിന് 2013ല്‍ ലഭിച്ചിട്ടുണ്ട്. യുഎസിലെയും യുകെയിലെയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെ ബഹുമതികള്‍ ലഭിച്ചിട്ടുള്ള സോണി, രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്സ് അംഗം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: