ഏഴു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പിന് മുമ്പുകേട്ട മുദ്രാവാക്യമുണ്ട്. ഇടതുപക്ഷം വരട്ടെ എല്ലാം ശരിയാകും എന്നായിരുന്നു അത്. ഇടതുപക്ഷത്തെ ജനം വിശ്വസിച്ചു. ഇടതുപക്ഷത്തെ ജയിപ്പിച്ചു. എന്താ ശരിയായത് എന്നാരും ചോദിക്കരുത്. അതുപോലെയാകുമോ ഇതും? ആമയിഴഞ്ചാന്‍ തോടിന് ഏതാണ്ട് 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതില്‍ 130 മീറ്ററാണത്രേ റെയില്‍വെ സ്ഥലത്തുകൂടി കടന്നുപോകുന്നത്. ആ ഭാഗത്ത് ശുചീകരണം നടത്താനാണ് റെയില്‍വേ മൂന്ന് ജീവനക്കാരെ നിശ്ചയിച്ചത്. കാലങ്ങളായി റെയില്‍വെയുടെ കരാര്‍ ജോലി ചെയ്യുന്ന നെയ്യാറ്റിന്‍കരക്കാരനായ ജോയി. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തില്‍പ്പെട്ട് ആ പാവത്തിന്റെ ജീവന് പോയി. അന്നുതുടങ്ങിയതാണ് റെയില്‍വെക്കെതിരെ മന്ത്രിയും മേയറും ഭരണകക്ഷി അംഗങ്ങളുമെല്ലാമടങ്ങിയവരുടെ ഉറഞ്ഞാട്ടം. തോട് റെയില്‍വെ വൃത്തിയാക്കണമെന്ന ആവശ്യം. അങ്ങനെയാണ് വ്യാഴാഴ്ച മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്.
നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ സബ് കളക്ടറെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തും. മേജര്‍ ഇറിഗേഷന്‍, കോര്പ്പറേഷന്, റെയില്‍വേ എന്നീ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും.
നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ കര്‍ശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷന് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുമാണ് തീരുമാനമായി പുറത്തുവന്നിരിക്കുന്നത്.
എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്കരണം റെയില്‍വേ ഉറപ്പു വരുത്തണം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റര്‍ നീളമുള്ള ടണല്‍ ശുചീകരിക്കണമെന്ന് റെയില്‍വേയോട് നിര്‍ദ്ദേശിച്ചു. ട്രെയിനുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണം. എന്നാല്‍ പ്രശ്നം തീരും. ഓടയോ, ഒന്നും പേടിക്കേണ്ട. ഇപ്പം ശരിയാകുമെന്ന് നമ്മള് വിശ്വസിച്ചാലേ പറ്റൂ. തോടിന്റെ രണ്ട് ഭാഗത്തുള്ള ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്പണി ഇറിഗേഷന്‍ വകുപ്പ് നടത്തും. 2000 മീറ്ററില്‍ പുതുതായി സ്ഥാപിക്കേണ്ട ഫെന്‍സിങ്ങിന്റെ പണി ഉടന്‍ ആരംഭിക്കും. രാജാജി നഗറിന്റെ മദ്ധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗര്‍ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകള്‍ കോര്പ്പറേഷന് സ്ഥാപിക്കും. രാജാജിനഗര്‍ പ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ പദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് ഉറപ്പ്.
മെറ്റല്‍ മെഷുകള്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്ക്കരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഫയര്‍ ആന്‍ഡ് റസ്ക്യു നേതൃത്വത്തില്‍ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നല്‍കും. 40 എ ഐ ക്യാമറകള്‍ സ്ഥാപിക്കും. ഇവയെ പോലീസ് കണ്ട്രോള് റൂമുമായി ബന്ധപ്പിക്കും. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. നേരത്തെ സ്ഥാപിച്ച ക്യാമറകളുടെ ഗതി ആരും ചേദിച്ചേക്കരുത്.
രാജാജി നഗറില്‍ നിലവിലുള്ള തുമ്പൂര്‍മുഴി യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറും. അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എം.സി.എഫ്/കണ്ടയിനര്‍ എം.സി.എഫ് സ്ഥാപിക്കും.
കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ഡിപ്പോയിലെ സര്‍വീസ് സ്റ്റേഷനില്‍ നിന്നുള്ള മലിന ജലവും മറ്റ് ഖര മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോടിലേക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫഌവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനെജ്മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്കി.
പ്ലാമൂട്, കോസ്മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂര്‍ എന്നിവിടങ്ങളിലെ കേരള വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷനുകളില്‍ നിന്ന് ഓവര്‍ഫ്ളോ വെള്ളം ഒഴുകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മൃഗശാലയില്‍ മലിനജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശിച്ചു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനത്തില്‍ ചൂണ്ടിക്കാണിച്ചതുപ്രകാരം ആമയിഴഞ്ചാന്‍ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളും. കെഎസ്ആര്‍ടിസി, തകരപറമ്പ്, പാറ്റൂര്‍, വഞ്ചിയൂര്‍, ജനശക്തി നഗര്‍, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കും. നീര്‍ച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേല്‍നോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീര്ച്ചാല് കമ്മിറ്റികള്‍ രൂപീകരിക്കല്‍, കുട്ടികളുടെ മേല്‍നോട്ടത്തില്‍ നീര്ച്ചാല് പരിപാലനം മുതലായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യും. വെള്ളം കടലില്‍ ഒഴികിയെത്തുന്നതിന് നീരൊഴുക്ക് സുഗമമാക്കും. എന്താ പോരെ. ഒന്നും പേടിക്കേണ്ട. എല്ലാം ശരിയാകും.
പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമയിഴഞ്ചാന്‍ തോട് കേരള സര്‍ക്കാരിന്റെ ജലസേചന വകുപ്പിന് കീഴിലുള്ളതാണ്. ഈ തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വെ യാര്‍ഡിന് താഴെ കടന്നുപോകുന്നത്. പക്ഷേ 130 മീറ്ററുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജലസേചന വകുപ്പിലെ പരിചയസമ്പന്നനായ കരാറുകാരനെയാണ് തോട് വൃത്തിയാക്കുന്നതിനുള്ള ചുമതല റെയില്‍വെ ഏല്പിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കില്‍ ജോയിയെ വെള്ളത്തില്‍പ്പെട്ട് കാണാതായി. തോടിന് ഏകദേശം 4 അടിയോളം താഴ്ച മാത്രമാണുണ്ടായിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാധ്യതകള്‍ ജോയി വിലയിരുത്തുന്നതിനിടെയായിരുന്നു അപകടം. സംഭവ സമയത്ത് ജോയിയുടെ കരാര്‍ സൂപ്പര്‍വൈസറും ഒപ്പമുണ്ടായിരുന്നു.
റെയില്‍വേ യാര്‍ഡിന് കീഴിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് ദുരന്തത്തിന്റെ അടിസ്ഥാനകാരണം. റെയില്‍വെയുടെ പ്രദേശത്ത് കടക്കുന്ന തോടിന്റെ ഭാഗത്ത് മാലിന്യം തടയുന്നതിനായി ഇരുമ്പ് വല റെയില്‍വേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയതോതില്‍ മാലിന്യം വന്നുകുമിയുന്നത് തടയുന്നുണ്ട്. റെയില്‍വെയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റര്‍ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും കഴിയില്ല.
റെയില്‍വെ ഭൂമിയിലെ ഭൂഗര്‍ഭ ചാലിലേക്ക് മാലിന്യവും ചെളിയും കടക്കുന്നത് തടയാന്‍ തീരുമാനവും പരിശ്രമവും ഉണ്ടാകണം. പരമാവധി കോര്പ്പറേഷന് മേഖലകളില്‍ മാലിന്യം ശേഖരിക്കുന്നതിനും മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങളും ഒരുക്കണം. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് പിഴ ചുമത്താനുമുള്ള സംവിധാനവും സജ്ജമാക്കണം. തോടിനോട് ചേര്‍ന്ന് കൃത്യമായി വേലികെട്ടുന്നതിനും സിസിടിവി സംവിധാനം ഒരുക്കുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതിന് സഹായകരമാകും. ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ നഗരത്തില്‍ പ്രത്യേക സ്ഥലവും ഉണ്ടാകണമെന്നും റെയില്‍വെ നിര്‍ദ്ദേശിച്ചു. പക്ഷേ, അതിലൊന്നും തീരുമാനമായില്ല. വിശ്വസിക്കാം നമുക്ക് ഒന്നും പേടിക്കേണ്ട. എല്ലാം ഇപ്പോ ശരിയാകും. ഇതിനിടയിലാണ് തലസ്ഥാന നഗരത്തില്‍ മറ്റൊരു സംഭവം. ഭാഗ്യത്തിന് അയാള്‍ക്ക് ജീവന് നഷ്ടപ്പെട്ടില്ല. മെഡിക്കല്‍ കോളജിലെത്തിയ രവീന്ദ്രന് നായര്‍ 42 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി.
വെള്ളിയാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തശേഷം ഡോക്ടറെ കാണാനാണ് 11-ാം നമ്പര്‍ ലിഫ്റ്റില്‍ കയറിയത്. ലിറ്റിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ബട്ടണ്‍ അമര്‍ത്തി. ലിഫ്റ്റ് ഒന്നുയര്‍ന്നു, പെട്ടെന്ന് ശബ്ദത്തോടെ നിന്നു. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തുവീണ് പൊട്ടി. പൊട്ടിയ മൊബൈല്‍ ചേര്‍ത്തുവച്ചശേഷം വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ പോയില്ല. കുടുങ്ങിയെന്ന് മനസ്സിലായതോടെ ലിഫ്റ്റിന്റെ വശങ്ങളില് ആഞ്ഞടിച്ച് വിളിച്ചെങ്കിലും ആരും കേട്ടില്ല.
ലിഫ്റ്റിലെ ഫോണും പ്രവര്‍ത്തനരഹിതമായിരുന്നു. എമര്‍ജന്‍സി അലാമും പ്രവര്‍ത്തിച്ചില്ല. വൈകാതെ ലിഫ്റ്റിലെ ലൈറ്റും അണഞ്ഞ് ഇരുട്ടായി. വായു കിട്ടിയതിനാല്‍ മരിച്ചില്ല. എന്നാല്‍ മരണഭയം കൂടിക്കൂടി വന്നു”, ഭീതിയോടെ രവീന്ദ്രന് നായര്‍ ഓര്‍ത്തെടുത്തു.
ഒരുകുപ്പി വെള്ളം പോലും കരുതിയിരുന്നില്ല. മൊബൈലിലെ ചാര്‍ജ് തീര്‍ന്നതോടെ സമയവും അറിയാന്‍ കഴിയാത്ത സ്ഥിതിയായി. തന്റെ സ്ഥാനത്ത് ഗര്‍ഭിണിയോ കാന്‍സര്‍ രോഗിയോ ആയിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്ന് പറയാന്‍ കഴിയില്ല. സംഭവത്തില്‍ പരാതി നല്‍കണോ എന്നു ആലോചിച്ചു തീരുമാനിക്കുമെന്നും ജീവിതം തിരിച്ചുകിട്ടിയതുതന്നെ അത്ഭുതമാണെന്നും രവീന്ദ്രന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: