മുംബൈ: ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറലായ അഫ്സല് ഖാനെ വധിക്കാന്‍ ശിവജി മഹാരാജാവ് ഉപയോഗിച്ച പുലിനഖായുധം ലണ്ടന്‍ മ്യൂസിയത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ എത്തിച്ചു.
വാഗ് നാഖ് എന്നാണ് ഇതിനെ വിളിക്കുന്നത്. പുലിനഖത്തിന്റെ ആകൃതിയിലുള്ള ഇരുമ്പില്‍ തീര്‍ത്ത മുള്ളുകളോടു കൂടിയ ആയുധമാണ് വാഗ് നാഖ്. ബിജാപൂര്‍ സുല്‍ത്താന്‍ അഫ്സല് ഖാനെ വധിച്ചത് ശിവജിയെ സംബന്ധിച്ചിടത്തോളം വന്‍ വിജയമായിരുന്നു. ഇതോടെയാണ് ശിവജിയുടെ മറാത്ത സാമ്രാജ്യം സുശക്തമായത്.
സമാധാനചര്‍ച്ച, ചതി, അഫ്സല് ഖാന് വധം
കൊങ്കണ്‍ മേഖലയിലുള്ള ശിവജിയുടെ മുന്നേറ്റത്തെ തടയാന്‍ നിലകൊണ്ട ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറലാണ് അഫ്സല് ഖാന്. ഒരിയ്ക്കല്‍ ശിവജിയെ സമാധാന ചര്‍ച്ചകള്‍ക്ക് വിളിച്ചതായിരുന്നു അഫ്സല് ഖാന്. എന്നാല്‍ ഇതില്‍ ഒരു ചതി ശിവജി മണത്തിരുന്നു. അദ്ദേഹം അരയില്‍ തന്റെ പ്രിയ ആയുധമായ വാഗ് നാഖ് ധരിച്ചിരുന്നു. സമാധാന ചര്‍ച്ചയ്ക്കിടയില്‍ ശിവജിയെ വധിക്കാന്‍ അഫ്സല് ഖാന് ശ്രമിച്ചു. എന്നാല്‍ ശിവജി വാഗ് നാഖ് അഫ് സല് ഖാന്റെ വയറ്റില്‍ കയറ്റി അദ്ദേഹത്തെ വധിക്കുകയായിരുന്നു.
വാഗ് നാഖ് ഇനി മൂന്ന് വര്‍ഷം മഹാരാഷ്ട്രയില്‍
മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയവും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വാഗ് നാഖ് മഹാരാഷ്ട്രയില്‍ എത്തിയത്. വാഗ് നാഖിന്റെ ഇന്ത്യയിലേക്കുള്ള വരവ് മഹാരാഷ്ട്രയിലെ സത്താരയില്‍ വലിയ ചടങ്ങോടെ ആഘോഷിച്ചു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് വാഗ് നാഖ് ഇന്ത്യയില്‍ ഉണ്ടാകും.
1659ലാണ് ബിജാപൂര്‍ സാമ്രാജ്യത്തിന്റെ ജനറല്‍ അഫ്സല് ഖാനെ ശിവജി വധിച്ചത്. ഇതാദ്യമായാണ് വാഗ് നാഖ് പൊതുദര്‍ശനത്തിന് വെയ്ക്കുന്നത്. സത്താരയിലെ ശിവജി മഹാരാജിന്റെ കുടുംബാംഗങ്ങളെക്കൂടാതെ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ് നാവിസ്, അജിത് പവാര്‍ എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: