ന്യൂദല്‍ഹി: അഞ്ചര മണിക്കൂറുകളായി വെള്ളം കുടിക്കാത്ത വിമാനയാത്രക്കാരന്റെ രീതികളില്‍ സംശയം തോന്നിയ എയര്‍ഹോസ്റ്റസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് മലദ്വാരത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ നാല് സ്വര്‍ണ്ണക്യാപ്സൂളുകള്‍.
ഏകദേശം 69 ലക്ഷത്തോളം വില വരുന്ന 1096.76 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് ജോയിൻ്റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് അറിയിച്ചു. ദൽഹിയിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്.
യാത്രക്കാരന്റെ വിചിത്ര ശീലത്തില്‍ സംശയം തോന്നിയ എയർഹോസ്റ്റസ് ഇക്കാര്യം ഫ്‌ളൈറ്റ് ക്യാപ്റ്റനെ അറിയിച്ചു. പിന്നാലെ ഈ വിവരം എയർ ട്രാഫിക് കൺട്രോൾ വഴി സുരക്ഷാ ഏജൻസികളെയും അറിയിച്ചു. ജിദ്ദയിൽ നിന്ന് ദൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 992 വിമാനത്തിലാണ് സംഭവം.
വിമാനം എയര്‍പോര്‍ട്ടിലെത്തിയതിന് പിന്നാലെ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ മലദ്വാരത്തില്‍ രൂപത്തിലാക്കിയ സ്വര്‍ണ്ണം നാല് ക്യാപ്‌സൂളുകള്‍ കണ്ടെത്തി.
വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നത് ഒഴിവാക്കുന്ന സന്ദർഭങ്ങളിൽ അവരെ നിരീക്ഷിക്കണമെന്ന് വിമാന ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്ന ആളുകളാണ് ഇങ്ങനെ ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് തടയാന്‍ വിമാനക്കമ്പനികളും അധികൃതരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: