തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാരംഭിച്ച കേരള ചിക്കന്‍ പൊള്ളുന്ന വില. വിപണിയിലേതിനേക്കാള്‍ വില ഈടാക്കാന്‍ തുടങ്ങിയതോടെ ഔട്ട്ലറ്റ് യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. ഇതിന്റെ പേരില്‍ ഔട്ട്ലറ്റുകളില് ഉപഭോക്താക്കളുടെ രോഷപ്രകടനം.
വിപണിയേക്കാള്‍ കിലോയ്ക്ക് അഞ്ചുരൂപ വരെയാണ് അധികം ഈടാക്കുന്നത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ കേരള ചിക്കന്‍ കിലോ 134 രൂപയായിരുന്നു. വിപണിയില്‍ 133 രൂപയും. മുന്‍ ദിവസങ്ങളില്‍ വിലയിലെ അന്തരം ഇതിനെക്കാള്‍ കൂടുതലായിരുന്നു. എന്നാല്‍ വില നിശ്ചയിക്കുന്നത് കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ആണെന്നും തങ്ങള്‍ക്ക് അതിലൊരു പങ്കുമില്ലെന്നാണ് ഔട്ട്ലറ്റ് ഉടമകള്‍ പറയുന്നത്. ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വില കൂട്ടുന്നത് തമിഴ്നാട് ലോബിയെ സഹായിക്കാനെന്നും ആക്ഷേപമുണ്ട്. ഇതോടെ കേരള ചിക്കന്‍ ഔട്ട്ലറ്റുകള് പ്രതിസന്ധിയിലാണ്.
അമിത വിലയ്ക്ക് പരിഹാരം, സംശുദ്ധമായ കോഴിയിറച്ചി എന്നീ ലക്ഷ്യങ്ങളുമായി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്മെന്റ് കോര്പറേഷന് (കെപ്കോ) എന്നിവയുടെ സഹകരണത്തോടെ 2017 നവംബറിലാണ് കേരള ചിക്കന്‍ ആരംഭിച്ചത്. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചു. ഇതേ കമ്പനിയാണ് ഇപ്പോള്‍ കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ക്ക് ബാധ്യതയായി മാറിയത്.
നിലവില്‍ 394 ബ്രോയ്ലര്‍ ഫാമുകളും 131 ഔട്ട്ലെറ്റുകളുമാണ് ഉള്ളത്. ഫാമും ഔട്ട്ലറ്റും കുടുംബശ്രീ അംഗങ്ങളാണ് നടത്തുന്നത്. 281,35,30,347 രൂപയാണ് കേരള ചിക്കന്‍ വിറ്റുവരവ്. ഫാമുകള്‍ക്കുള്ള ആനുകൂല്യമായി 27,19,26,925 രൂപയും ഔട്ട്ലെറ്റുകള്‍ക്കുള്ള ആനുകൂല്യമായി 34,85,86,393 രൂപയും വിതരണം ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. തുടക്കത്തില്‍ വിലക്കുറവും ഗുണനിലവാരമുള്ള ഇറച്ചിയുമായിരുന്നു വിതരണം ചെയ്തിരുന്നതെങ്കിലും ഏതാനും മാസങ്ങളായി വിലകൂട്ടുകയും വൈകല്യമുള്ള കോഴികളെ ഉള്‍പ്പെടെ ഫാമുകളില്‍ നിന്ന് ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കുന്നതായും ഉടമകള്‍ പറയുന്നു. ഒരു കിലോ കോഴിയിറച്ചി വില്ക്കുമ്പോള് ഔട്ട്ലെറ്റുകള്‍ക്ക് കിട്ടുന്നത് 14 രൂപയാണ്. അതില്‍ ഏഴു രൂപ മാലിന്യനീക്കത്തിന് നല്‍കണം. ബാക്കിയുള്ള ഏഴു രൂപയാണ് യൂണിറ്റുകള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്നുവേണം മറ്റ് ചെലവുകളെല്ലാം നടത്തേണ്ടത്. വിപണിയെക്കാള്‍ വില കൂടുതല്‍ ഈടാക്കാന്‍ തുടങ്ങിയതോടെ കച്ചവടം കുറഞ്ഞത് ഔട്ട്ലറ്റ് യൂണിറ്റുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: