തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് വി. മുരളീധരന്‍. കെഎസ്ആര്‍ടിസി ബസിനെ കാറുമായി ഓടിച്ചിട്ടു പിടിക്കുന്നതിലാണ് മേയറുടെ കമ്പമെന്നും മാലിന്യനിര്‍മ്മാര്‍ജ്ജനം പോലെയുള്ളവ പ്രശ്‌നമല്ലെന്നും പറഞ്ഞു.
കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർ, ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു. പക്ഷേ കൺമുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരൻ പരിഹസിച്ചു. മേയർക്ക് കമ്പം കാർ ഓട്ടത്തിലാണെന്നും വി മുരളീധരൻ വിമർശിച്ചു. മാലിന്യവിഷയം ചൂണ്ടിക്കാട്ടി തിരുവനന്തപരും മേയര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇന്ന് കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരൻ.
കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ ചെയ്ത് നീക്കുകയും ചെയ്തു. നഗരസഭ മാലിന്യം കൃത്യമായ രീതിയിൽ സംസ്ക്കരിച്ചിരുന്നുവെങ്കിൽ ജോയിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നഗരസഭയിലേക്ക് വിഷയം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസും പ്രതിഷേധമാർച്ച് നടത്തി.
അതേ സമയം, ജോയിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: