Kerala

കാട്ടാനയാക്രമണം: മന്ത്രി കേളുവിനെ നാട്ടുകാര്‍ തടഞ്ഞു

Published by

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന യുവാവിന്റെ ജീവനെടുത്തതോടെ ജില്ലയിലെങ്ങും പ്രതിഷേധം ആളിക്കത്തി. മരിച്ച രാജുവിന്റെ മൃതദേഹവുമായി പ്രദേശവാസികളും ബന്ധുക്കളും മുത്തങ്ങ കല്ലൂരില്‍ ദേശീയപാത ഉപരോധിച്ചു. രാജുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ മന്ത്രി ഒ.ആര്‍. കേളുവിനെ നാട്ടുകാര്‍ തടഞ്ഞു.

വയനാടിന് സ്വന്തമായി മന്ത്രിയെ ലഭിച്ചിട്ടും നാളിതുവരെയായിട്ടും ക്രിയാത്മക ഇടപെടല്‍ നടത്താന്‍ സാധിച്ചില്ലെന്നാരോപിച്ചാണ് നാട്ടുകാര്‍ മന്ത്രിയെ തടഞ്ഞത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് മന്ത്രി വീണ്ടും യാത്ര തിരിച്ചത്.

നഷ്ടപരിഹാരമായി 50 ലക്ഷം രൂപ അനുവദിക്കുക, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. പിന്നീട് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ബന്ധപ്പെട്ടവരുടെ ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രി എട്ടരയോടെയാണ് ബന്ധു വീട്ടില്‍ പോയി തിരികെ വരുകയായിരുന്ന രാജുവിനെ കാട്ടാന ആക്രമിച്ചത്. കൊലവിളിയുമായി ആന വരുന്നതുകണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വയലിലിട്ട് ആക്രമിക്കുകയായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജു ചൊവ്വാഴ്‌ച്ച വൈകിട്ടോടെ മരിച്ചു. പുഷ്പയാണ് രാജുവിന്റെ ഭാര്യ. മക്കള്‍: ആദര്‍ശ്, അവന്യ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by