ലോകത്തെ അജയ്യ പ്രതിഭയായ മാഗ്നസ് കാള്‍സനെ ഇടയ്ക്കിടെ തോല്പിച്ച് ഞെട്ടലുണ്ടാക്കുന്ന പ്രജ്ഞാനന്ദയെ വീഴ്ത്തി മറ്റൊരു അത്ഭുതപ്രതിഭ. വെറും 15 വയസ്സുള്ള അഭിമന്യു മിശ്രയാണ് ബിയല്‍ ചെസില്‍ പ്രജ്ഞാനന്ദയെ തോല്പിച്ചത്. ക്ലാസിക് റൗണ്ടിലാണ് പ്രജ്ഞാനന്ദ തോറ്റത്.
ബിയല്‍ ചെസിലെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്ന ആറ് താരങ്ങളുടെ ഒരു സെറ്റില്‍ ആറാം സ്ഥാനം മാത്രമേയുള്ളൂ അഭിമന്യു മിശ്രയ്ക്ക്. പ്രജ്ഞാനന്ദ, ജര്‍മ്മനിയുടെ വിന്‍സന്റ് കെയ്മര്‍, വിയറ്റ് നാമിന്റെ ലിയെം ലെ, ഹെയ്ക് മര്‍തിറോസിയന്‍, സാം ഷാങ്ക് ലാന്റ് എന്നിവരാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്നത്.
മാസ്റ്റേഴ്സില്‍ മാറ്റുരയ്ക്കുന്ന ആറ് താരങ്ങള്‍
ഇവരുടെ ഫിഡെ റേറ്റിംഗ് 2700ന് മുകളിലാണെങ്കില്‍ അഭിമന്യു മിശ്രയുടെ റേറ്റിംഗ് 2609 മാത്രമാണ്. ബിയല്‍ മാസ്റ്റേഴ്സിലെ ആറ് താരങ്ങളില്‍ ഒന്നാം റാങ്കുള്ള പ്രജ്ഞാനന്ദയെ ആറാം റാങ്കുള്ള അഭിമന്യു മിശ്ര വീഴ്ത്തിയത് വലിയ വാര്‍ത്തയായി.
ഇപ്പോള്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യനായ ലിയം ലെ 9 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹെയ്ക് മര്‍തിറോസിയന്‍ (8.5), അഭിമന്യു മിശ്ര (8), സാം ഷാങ്ക് ലാന്റ് (5.5), പ്രജ്ഞാനന്ദ (5), വിന്‍സെന്റ് കെയ്മര്‍ (5) എന്നതാണ് പോയിന്റ് നില.
ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ വിവിധ ഫോര്‍മാറ്റുകളിലുള്ള മത്സരങ്ങളിലെ പോയിന്റ് നില ചേര്‍ത്താണ് അവസാനം ചാമ്പ്യനെ തെരഞ്ഞെടുക്കുക. നേരത്തെ നടന്ന അഞ്ച് റൗണ്ട് റാപിഡില്‍ പ്രജ്ഞാനന്ദ അഞ്ച് പോയിന്റ് നേടിയിരുന്നു. റാപിഡില്‍ അഭിമന്യു മിശ്രയ്ക്ക് നാല് പോയിന്റേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രജ്ഞാനന്ദയ്ക്കെതിരെ നേടിയ വിജയത്തില്‍ നിന്നും കിട്ടിയ നാല് പോയിന്റ് ഉള്‍പ്പെടെ എട്ട് പോയിന്റായി. ക്ലാസിക്കലില്‍ ഇനി നാല് കളികള്‍ കൂടിയുണ്ട്. അതും കഴിഞ്ഞാണ് പത്ത് റൗണ്ടോളമുള്ള ബ്ലിറ്റ്സ് മത്സരം ആരംഭിക്കുക.
ബിയല്‍ മാസ്റ്റേഴ്സ് തുടങ്ങുന്നതിന് മുന്‍പ് നടത്തിയ ഏഴ് റൗണ്ടുള്ള മാസ്റ്റേഴ് ചെസ് 960യില്‍ പ്രജ്ഞാനന്ദ ചാമ്പ്യനായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ബിയല്‍ മാസ്റ്റേഴ്സ് ആരംഭിച്ചത്.
അഭിമന്യു-ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ് ഗ്രാന്റ് മാസ്റ്റര്‍
ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്സ്വദേശിയാണ് അഭിമന്യു മിശ്ര. വെറും 12 വയസ്സും നാല് മാസവും 25 ദിവസവുമുള്ളപ്പോള്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ താരമാണ് അഭിമന്യു മിശ്ര. ഇതുവഴി റഷ്യന്‍ ഗ്രാന്റ് മാസ്റ്റര്‍ സെര്‍ഗി കര്ജാകിന്റെ റെക്കോഡാണ് തകര്‍ത്തത്. 12 വയസ്സും ഏഴ് മാസവും ഉള്ളപ്പോഴാണ് അഭിമന്യു മിശ്ര ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയത്.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ജിഎം മിക്സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയിലെ ഗ്രാന്റ് മാസ്റ്റര്‍ ലിയോണ്‍ മെന്‍ഡോങ്കയെ തകര്‍ത്താണ് അഭിമന്യു മിശ്ര മൂന്നാമത്തെ ജിഎം നോം നേടിയത്. അതോടെ അഭിമന്യു മിശ്ര ഗ്രാന്റ് മാസ്റ്റര്‍ ആയതോടെ അച്ഛനും അമ്മയ്ക്കും ആഹ്ളാദത്തിന് അതിരില്ലായിരുന്നു. 10 വയസ്സുള്ളപ്പോള്‍ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍ പദവി നേടി. 2009ല്‍ ജനിച്ച അഭിമന്യു മിശ്രയ്ക്ക് ഇപ്പോള്‍ പ്രായം 15 മാത്രം. 2023ലെ യുഎസ് ചാമ്പ്യനാണ്.
അമേരിക്കയില്‍ ഇളംപ്രായത്തിലേ കുഞ്ഞുങ്ങള്‍ വെര്‍ച്വല്‍ ലോകത്തിന് അടിമയാകുന്ന പ്രവണത അധികമാണ്. മകന് ഫോണിനും ടാബിനും അടിമയാകേണ്ട എന്ന് കരുതിയാണ് അച്ഛന് ഹേമന്തും അമ്മ സ്വാതിയും മകനെ ചെസ്സ് പഠിക്കാനയച്ചത്. പക്ഷെ മകന് ചെസ്സിന് അടിമയായി. രണ്ടു വയസ്സും എട്ട് മാസവും പ്രായമുള്ളപ്പോള്‍ തന്നെ ചെസ് ലോകത്തേക്ക് അച്ഛന് മകനെ കൂട്ടിക്കൊണ്ടുപോയിരുന്നു. രണ്ടു വര്‍ഷം കൊണ്ട് കരുനീക്കങ്ങളും ബാലപാഠങ്ങളും ഹൃദിസ്ഥമാക്കി. അഞ്ചാം വയസ്സില്‍ മത്സരങ്ങളില്‍ കളിച്ച് തുടങ്ങി. മകന്റെ ചെസ്സിനോടുള്ള താല്പര്യം കണ്ട് മാതാപിതാക്കള്‍ അവനെ ഒരു പ്രൊഫഷണല്‍ ചെസ് താരമാക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: