തിരുവനന്തപുരം: ശബരിമലയില്‍ റോപ്പ് വേ നിര്‍മിക്കാന്‍ ദേവസ്വം വകുപ്പിന്റെ തീരുമാനം. പമ്പ ഹില്‍ടോപ്പില്‍ നിന്നും സന്നിധാനത്തേക്കാണ് പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന റവന്യൂ, ദേവസ്വം വനം മന്ത്രിമാരുടെ സംയുക്തയോഗത്തിലാണ് റോപ്പ് വേക്ക് ധാരണയായത്. പദ്ധതി ഈ മണ്ഡലകാലത്ത് പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2.7 കിലോമീറ്റര്‍ ദൂരത്തിലാകും റോപ് വേ നിര്‍മിക്കുക. ഇതിനുള്ള ഡിപിആര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കും. പ്രാരംഭ നടപടികള്‍ തുടങ്ങി. ആവശ്യമായി വരുന്ന റവന്യൂ, വനം വകുപ്പുകളുടെ ഭൂമിക്ക് പകരം ദേവസ്വം ബോര്‍ഡ് തുല്യമായ ഭൂമി നല്കും. പദ്ധതിക്കായി വനം, റവന്യൂ വകുപ്പുകള്‍ എന്‍ഒസി നല്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള നിര്‍മാണമാണ് ഉദ്ദേശിക്കുന്നത്. റോപ്‌വേയ്‌ക്ക് ആവശ്യമായ ടവറുകളുടെ ഉറപ്പിക്കലിന് മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനം വേണ്ടിവരിക. നട്ടുംബോള്‍ട്ടും ഉപയോഗിച്ച് ഘടിപ്പിക്കുന്ന തരത്തിലാണ് ടവറുകള്‍. നേരത്തെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുവരാനായി റോപ്പ് വേ നിര്‍മിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് വനം വകുപ്പ് പാരിസ്ഥിതികാനുമതി നിഷേധിച്ചതാണ്. എന്നാല്‍ ഇത്തവണ പാരിസ്ഥിതികാനുമതി അടക്കമുള്ളവ ഉടന്‍ ലഭിക്കും. വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെ പദ്ധതി നടപ്പാക്കും.
മണ്ഡലകാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ വെര്‍ച്വല്‍ക്യൂ കര്‍ശനമാക്കും. എന്നാലും ബുക്കിങ് ഇല്ലാതെ വരുന്നവരെ തിരിച്ചയക്കില്ല. സന്നിധാനത്തെയും പതിനെട്ടാംപടിയിലെയും തിരക്ക് നിയന്ത്രിക്കാന്‍ പരിചയ സമ്പന്നരെ നിയോഗിക്കുന്നതിന് പോലീസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞതവണ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: