ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ വിധി പറയുന്നതും കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇ ഡി കേസില്‍ സുപ്രീംകോടതി കര്‍ശന ഉപാധികളോടെ അരവിന്ദ് കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാല്‍ ജാമ്യത്തിലിറങ്ങാനായിട്ടില്ല. ഈ മാസം 25 വരെ സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കേജ്രിവാള്.
വിവാദമദ്യനയവുമായി ബന്ധപ്പെട്ട എല്ലാതീരുമാനങ്ങളും അരവിന്ദ് കേജ്രിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ജാമ്യത്തെ എതിര്‍ത്ത് സിബിഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എല്ലാ ഗൂഢാലോചനയിലും അരവിന്ദ് കേജ്രിവാള് ഭാഗമാണ്. ദല്‍ഹി മുഖ്യമന്ത്രി, ആപ്പിന്റെ ദേശീയ കണ്‍വീനര്‍ എന്നീ നിലകളില്‍ എല്ലാപ്രവര്‍ത്തനങ്ങളിലും തീരുമാനങ്ങളിലും കേജ്രിവാള് സ്വാധീനം ചെലുത്തുന്നുണ്ട്. സൗത്ത് ഗ്രൂപ്പില്‍ നിന്ന് നൂറ് കോടി രൂപയാണ് ആപ്പ് അനധികൃതമായി കൈപ്പറ്റിയത്. ഇതില്‍ ഒരുഭാഗം ഗോവ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചു. മദ്യനയത്തില്‍ മാറ്റംവരുത്തിയതുമൂലം മദ്യമൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5%ല്‍ നിന്ന് 12% ആയി വര്‍ദ്ധിച്ചെന്നും സിബിഐ പറഞ്ഞു.
അന്വേഷണത്തിലുടനീളം കേജ്രിവാള് നിസ്സഹകരിക്കുകയും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ആപ്പ് നേതാക്കളും കേജ്രിവാളിന്റെ ഭാര്യയും സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കുന്നതിനുമായി തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം അവസാനഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ കേജ്രിവാളിനെ ജാമ്യത്തില്‍ വിടുന്നത് തുടര്‍നടപടികളെ ഗുരുതരമായി ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും കേജ്രിവാളിന് കഴിയുമെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.
അരവിന്ദ് കേജ്രിവാളിന് ഈ മാസം 12നാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: