പാലക്കാട്: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് പാമ്പുകടിയേറ്റെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ ജെ റീന. വിശദ പരിശോധനയില്‍ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായി ഡിഎച്ച്എസ് പറഞ്ഞു.
പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.താലൂക്ക് ആശുപത്രിയില്‍ ആന്റിവനം അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്.
താലൂക്ക് ആശുപത്രിയില്‍ തന്നെ യുവതിയെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമായിരുന്നു. പുറത്തെ ചൂലില്‍ വിഷമില്ലാത്ത പാമ്പിനെയാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കുട്ടി പുറത്ത് മൂത്രമൊഴിച്ചത് കഴുകാന്‍ പോയപ്പോഴാണ് ചൂലില്‍ പാമ്പിനെ കണ്ടത്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടിയിട്ടുണ്ട്..
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വച്ച് പാമ്പ് കടിച്ചെന്ന വാര്‍ത്ത വന്നത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
ഇന്നലെ രാത്രിയായിരുന്നു എട്ടു മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനിക്ക് ചികിത്സ തേടി ഗായത്രി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റി.ഇന്ന് പാമ്പ് കടിക്കുകയും കടിയേറ്റ് ഭാഗത്ത് ചെറുതായി ചോര പൊടിയുകയും ചെയ്തതോടെ താലൂക്ക് ആശുപത്രി അധികൃതര്‍ ഗായത്രിയെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗായത്രി ജില്ലാ ആശുപത്രി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഗായത്രിയുടെ ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: