ഗുരുവായൂര്‍: മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ഹാള്‍ ഇന്നലെ, നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒറ്റപ്പാലം ചെറുമുണ്ടശേരി സ്വദേശി കരുവാന്തൊടി പുത്തന്‍വീട്ടില്‍ മോഹന്‍ദാസ്, ഇക്കഴിഞ്ഞ മേയ് 13 ന് വാങ്ങിയ 2 ഗ്രാം തൂക്കമുള്ള ശ്രീഗുരുവായൂരപ്പന്റെ ലോക്കറ്റ് വ്യാജമാണെന്നാരോപിച്ച് ഗുരുവായൂര്‍ ദേവസ്വത്തിനും, ഒറ്റപ്പാലം പോലീസിനും പരാതി നല്‍കിയിരുന്നു. ഈ ലോക്കറ്റുമായി ബന്ധപ്പെട്ട വിവാദമാണ് ഇന്നലെ ഭരണസമിതി ഹാളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ദേവസ്വത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പരാതിയായിരുന്നതിനാലാണ് പരാതിക്കാരനെ തന്നെ യഥാര്‍ഥ വസ്തുത അറിയിക്കാന്‍ ദേവസ്വം ഇന്നലെ ഉച്ചക്ക് വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്തത്. ദേവസ്വം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലും സ്വര്‍ണം മാറ്റുകുറഞ്ഞതാണെന്ന നിലപാടില്‍ പരാതിക്കാരന് ഉറച്ചുനിന്നു. പരാതിക്കാരനെ ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തി പരാതിക്കാരന്റെയും, ദേവസ്വം ചെയര്മാന് ഡോ: വി.കെ. വിജയന് ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി ദിനേശന് നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥന്, വി.ജി. രവീന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ ലോക്കറ്റ് ദേവസ്വം അപ്രൈസര്‍ കെ. ഗോപാലകൃഷ്ണനെ കൊണ്ട് പരിശോധിപ്പിച്ചു. പരിശോധനയില്‍ ലോക്കറ്റ് സ്വര്‍ണമെന്ന് തെളിഞ്ഞു.
തുടര്‍ന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം ഗുരുവായൂരിലെ ഒരു ജ്വല്ലറിയിലും ലോക്കറ്റ് പരിശോധന നടത്തി. പരാതിക്കാരനെ ഒപ്പം കൂട്ടി ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ഫിനാന്‍സ് ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ കെ.ഗീത, എസ്.എ അനൂപ് എന്നിവരുടെ സാന്നിധ്യത്തില്‍ ജ്വല്ലറിയില്‍ നടത്തിയ പരിശോധനയിലും സ്വര്‍ണമെന്ന് വീണ്ടും ഉറപ്പ് വരുത്തി. പരാതിക്കാരന് ബോധ്യമാകുന്നതിനായി സ്വര്‍ണത്തിന്റെ ഗുണ പരിശോധന നടത്തുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള കുന്നംകുളത്തെ അമൃത അസൈ ഹാള്‍മാര്‍ക്ക് സെന്ററിലും ലോക്കറ്റ് പരിശോധന നടത്തി. 916 തനി 22 കാരറ്റ് സ്വര്‍ണമെന്ന് അവര്‍ വിലയിരുത്തി.
എന്നാല്‍ പരിശോധന ഫലങ്ങളെല്ലാം സമ്മതിച്ച മോഹന്‍ദാസ്, പാലക്കാട് ജില്ലയില്‍ കൂടി പരിശോധന നടത്തിയാലേ താന്‍ വിശ്വസിക്കൂ എന്ന് പറഞ്ഞതോടെ ദേവസ്വത്തിന് മുന്നിലെ സമവായ സാധ്യതകള്‍ അടഞ്ഞു. ഒടുവില്‍ ദേവസ്വം ടെമ്പിള്‍ പോലീസിനെ വിളിച്ചുവരുത്തി. ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ടി.എസ്. സിനോജ് ഭരണസമിതി ഹാളിലെത്തി. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് ശുദ്ധമായ സ്വര്‍ണം തന്നെയാണെന്ന് സമ്മതിച്ചു.
ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്താനും ഭക്തരില്‍ ആശങ്ക സൃഷ്ടിക്കാനും ശ്രമിച്ച പരാതിക്കാരന്റെ പേരില്‍ ഗുരുവായൂര്‍ ദേവസ്വം, ടെമ്പിള്‍ പോലീസില്‍ പരാതി നല്കി. ദേവസ്വത്തെ അപകീര്‍ത്തിപ്പെടുത്തിയ മോഹന്‍ദാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്മാന് ഡോ.വി.കെ. വിജയന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരന് മാധ്യമങ്ങള്‍ക്ക് മുന്നിലും തനിക്ക് തെറ്റുപറ്റിയതായി ഏറ്റു പറഞ്ഞു.ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: